മന്ത്രി റിയാസ് വാക്കു പാലിക്കുന്നില്ല; ഗവ. കോണ്‍ട്രാക്ടർമാർ സമരത്തിലേക്ക്
തൃശൂർ: പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഓൾ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്ന് രേഖാമൂലം എഴുതി നൽകിയിട്ടും ഒന്നുപോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് പാവൂ ജോസഫ് പറഞ്ഞു.
മന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കുക, ക്വാറി ഉല്പന്നങ്ങളുടെ അന്യായ വില വർധന പിൻവലിക്കുക, ക്വാറി മേഖലയിലെ വില നിർണയിക്കാൻ ജില്ലാതലത്തിൽ സമിതികൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് കളക്ടറേറ്റിനുമുന്പിൽ ധർണ നടത്തും.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ഗവ. കോണ്‍ട്രാക്ടേഴ്സ് പണികൾ നിർത്തിവച്ച് സമരം നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ സെക്രട്ടറി മനോജ്കുമാർ, ട്രഷറർ എൻ.പി. ഡേവിസ്, കെ.കെ. സന്തോഷ്, സി.വി. രാജേഷ് എന്നിവരും പങ്കെടുത്തു.
Leave A Comment