കേരളം

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം, വ്യാജന്മാരെ പിടികൂടാം; ‘സഞ്ചാര്‍ സാഥി' എത്തി

കോഴിക്കോട്: നഷ്ടമായ മൊബൈല്‍ഫോണ്‍ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്ഷനുകള്‍ പിടിക്കാനും ‘സഞ്ചാര്‍ സാഥി' പോര്‍ട്ടല്‍ തുടങ്ങി. മൊബൈല്‍ഫോണ്‍ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.

പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സഞ്ചാര്‍ സാഥി. ടിഎഎഫ്സിഒപി (ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മെന്‍റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ), സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റര്‍ (സിഇഐഎആര്‍) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ സിഇഐഎആര്‍ സഹായിക്കും.

ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം. ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താനുമാകും. ഫോണ്‍ തിരികെക്കിട്ടിയാല്‍ പോര്‍ട്ടല്‍വഴി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാം.

ടിഎഎഫ്സിഒപി വഴി വരിക്കാരന് സ്വന്തം പേരിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കാം. നിയമാനുസൃതമല്ലാത്ത കണക്ഷനുകളുണ്ടെങ്കില്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത് വിച്ഛേദിക്കാം. ഉപഭോക്തൃസുരക്ഷ ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനുമാകും. സംസ്ഥാന പോലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.

Leave A Comment