വിലക്കയറ്റത്തോടെ സ്കൂള്‍ വിപണി സജീവം
കൊച്ചി: അധ്യയന വര്‍ഷം ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ സ്കൂള്‍ വിപണികള്‍ സജീവമായി. പുത്തന്‍ ബാഗും കുടയും നോട്ടുബുക്കുമെല്ലാം വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും. ഒന്നിനും വിലയൊട്ടും കുറവുമില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്.
കാര്‍ട്ടൂണ്‍ താരങ്ങളും മൊബൈല്‍ ഗെയിം കഥാപാത്രങ്ങളുമൊക്കെയാണ് ബാഗുകളുടെ പുറംചട്ടയില്‍ ഇക്കുറി സ്ഥാനം പിടിച്ചിട്ടുള്ളത്. ഇതിനു പുറമേ പ്രധാന ബ്രാന്‍ഡുകളുടെ ബാഗുകളും വിപണിയില്‍ മുന്‍നിരയിലുണ്ട്. വിവിധ നിറത്തിലുള്ള പ്രിന്റിംഗ് കുടകള്‍ക്കും, മഴ കോട്ടുകള്‍ക്കും ആവശ്യക്കാര്‍ നിരവധിയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടികളും തുടക്കംകുറിച്ചതോടെ നോട്ട് ബുക്കുകള്‍ക്കും മറ്റ് പഠനോപകരണങ്ങളുടെ വില്പനയിലും ഉണര്‍വുണ്ടായെന്ന് വ്യാപാരികള്‍ പറഞ്ഞു.
ചെറിയ കുട്ടികളുടെ ബാഗിന് 250 രൂപ മുതല്‍ 700 രൂപ വരെയും മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ബാഗിന് 750 മുതല്‍ 2,000 രൂപ വരെയുള്ള ബാഗുകളുമുണ്ട്. ത്രീ ഫോള്‍ഡ് കുടകള്‍ക്ക് 450 മുതല്‍ ആണ് വില. വര്‍ണക്കുടകള്‍ക്ക് വില 400 രൂപ മുതല്‍ 800 രൂപ വരെയാണ്. ചെറുതും വലുതുമായ നോട്ടുബുക്കുകള്‍ക്ക് 30 രൂപ മുതല്‍ 75 രൂപ വരെയാണ് വില. പുസ്തകങ്ങള്‍ പൊതിയുന്ന ബ്രൗണ്‍ പേപ്പറുകള്‍ക്ക് ശരാശരി 70 മുതല്‍ 100 രൂപ വരെ കൊടുക്കണം. കുട്ടികള്‍ക്കുള്ള മഴക്കോട്ടുകളുടെ വില 250 രൂപ മുതലാണ്. വരും ദിവസങ്ങളില്‍ വിപണിയില്‍ ചെറിയ തോതില്‍ വീണ്ടും വില ഉയര്‍ന്നേക്കുമെന്നും വ്യാപാരികൾ പറയുന്നു.
Leave A Comment