കേരളം

ബസിലിക്ക അടച്ചുപൂട്ടിയിട്ട് ആറുമാസം; പ്രതിഷേധവും പ്രാർഥനയുമായി വിശ്വാസികൾ

കൊച്ചി : എറണാകുളം സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നുനൽകണമെന്നാവശ്യപ്പെട്ട് അല്‌മായ മുന്നേറ്റവും ബസലിക്കാ കൂട്ടായ്മയും പ്രതിഷേധ റാലിയും പ്രാർഥനാ യജ്ഞവും സംഘടിപ്പിച്ചു. ബസിലിക്ക ദേവാലയം ഇടവക ജനങ്ങൾക്ക് തുറന്നു കൊടുക്കുക, ബസിലിക്കയിലെ ബലിപീഠം നശിപ്പിച്ച് ദിവ്യകാരുണ്യത്തെ അവഹേളിച്ച് വൈദികരെ കൈയേറ്റം ചെയ്തവരെ സംരക്ഷിക്കുന്ന മാർ. ആൻഡ്രൂസ് രാജിവെയ്ക്കുക, ഫാ. ആന്റണി പൂതവേലിയെ നീക്കംചെയ്ത് ബസിലിക്ക വികാരി മോൺ. ആന്റണി നരികുളത്തിന് പൂർണ അധികാരം നൽകുക എന്നീയാവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റാലി.

പ്രാർഥനയ്ക്കുശേഷം വിശ്വാസികൾ പ്രകടനം നടത്തി. പ്രതിഷേധ റാലിക്കും പ്രാർഥനായജ്ഞത്തിനും പിന്തുണ അറിയിച്ച് ഫാ. രാജൻ പുന്നയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ, അല്‌മായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ, ബസിലിക്ക കൂട്ടായ്മ കൺവീനർ തങ്കച്ചൻ പേരയിൽ, ഇടവക വൈസ് ചെയർമാൻ പോൾ ഡി. പാനിക്കുളം, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് എന്നിവർ പ്രസംഗിച്ചു.

Leave A Comment