കേരളം

'ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാൻ സ്വീകരിച്ചത് അച്ചടക്ക നടപടി’; സേവ് അവർ സിസ്റ്റേഴ്സ് ഫോറം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാൻ സ്വീകരിച്ചത് അച്ചടക്ക നടപടിയെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം. ബിഷപ്പ് തെറ്റ് ചെയ്തെന്ന ബോധ്യത്തിലാണ് മാർപ്പാപ്പ രാജി എഴുതിവാങ്ങിയത് എന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വാട്ടോളി. ലൈംഗിക കുറ്റാരോപണത്തിൽ ഉൾപ്പെട്ടവരെ സഭ വെച്ചുപുറപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സുചനയാണ് ബിഷപ്പിന്റെ രാജിയെന്ന് സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വാട്ടോളി വ്യക്തമാക്കി. നടപടി സഭയുടെ വിശ്വാസ്യത വർധിപ്പിക്കും. ബിഷപ്പിനെതിരെയുള്ള സഭ നടപടി തുടർ നിയമപോരാട്ടങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചത്. ഫ്രാങ്കോയുടെ രാജി മാർപാപ്പ സ്വീകരിച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി അച്ചടക്ക നടപടിയല്ലെന്നായിരുന്നു വത്തിക്കാന്റെ വിശദീകരണം. ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുകയാണ്. 

ബിഷപ്പ് എമരിറ്റസ് എന്ന് പേരിൽ ഫ്രാങ്കോ ഇനി അറിയപ്പെടും. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്നും രാജിവാർത്ത അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Leave A Comment