മഹാരാജാസിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം: പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തു
കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എഴുതാത്ത പരീക്ഷയില്‍ താന്‍ ജയിച്ചെന്ന ഫലം പുറത്തുവന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ആര്‍ഷോ ഡിജിപിക്ക് നല്കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയും അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുകയുമായിരുന്നു.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ പരാതിയില്‍ നേരിട്ട് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ പയസ് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രിന്‍സിപ്പല്‍ ആവര്‍ത്തിച്ചു. സാങ്കേതിക പിഴവ് മാത്രമാണ് മാര്‍ക്ക് ലിസ്റ്റില്‍ സംഭവിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ മൊഴി നല്കി. ഇതുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണസംഘത്തിന് കൈമാറിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് രണ്ടു തരത്തിലുണ്ടായ പ്രതികരണത്തിലും പോലീസ് വിശദീകരണം തേടി. ആര്‍ഷോ ഫീസ് അടച്ചതിന്റെയും മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതിന്റെയും രേഖകളുണ്ടെന്നായിരുന്നു കഴിഞ്ഞ ഏഴിന് രാവിലെ പ്രിന്‍സിപ്പല്‍ നടത്തിയ പ്രതികരണം. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ രാവിലത്തെ വാദത്തില്‍ നിന്ന് പ്രിന്‍സിപ്പല്‍ മലക്കം മറിഞ്ഞു. പരീക്ഷയ്ക്ക് ആര്‍ഷോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചെന്നും തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോള്‍ ഇത് ശരിയാണെന്ന് തെളിഞ്ഞെന്നുമായിരുന്നു പുതിയ നിലപാട്. എന്‍ഐസിയില്‍ സംഭവിച്ചെന്നു പറയുന്ന സാങ്കേതിക പിഴവ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും.
സംഭവത്തില്‍ ആരോപണവിധേയനായ കോളജ് ആര്‍ക്കിയോളജി വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാറിനെയും പോലീസ് ചോദ്യം ചെയ്തു. തെറ്റായ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിന് ഈ അധ്യാപകനടക്കം ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു ആര്‍ഷോ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
Leave A Comment