അറസ്റ്റിന് നീക്കം: മുന്‍കൂര്‍ ജാമ്യത്തിന് കെ. സുധാകരൻ
കൊച്ചി: മോൻസണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കുരുക്കായേക്കുമെന്നു സൂചന. സുധാകരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായാണ് വിവരം.
കേസിലെ രണ്ടാം പ്രതിയായ സുധാകരന് ബുധനാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് അദേഹത്തിന് നോട്ടീസ് നല്കി. വഞ്ചനാകുറ്റം ചുമത്തി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സുധാകരനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്. സുധാകരന് മോൻസന് മാവുങ്കലുമായുളള ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളാണ് പരാതിക്കാരും ക്രൈംബ്രാഞ്ചും ചൂണ്ടിക്കാട്ടുന്നത്.
മോണ്സന് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.സുധാകരന് എംപിക്കെതിരേ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോണ്സന് മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.
അതേസമയം, മുന്‍കൂര്‍ ജാമ്യത്തിന് സുധാകരന് ശ്രമം തുടങ്ങി. ക്രൈംബ്രാഞ്ച് കേസെടുത്തതിനെതിരേ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുമെന്നാണ് സുധാകരന് പറയുന്നത്. ഇന്ന് സുധാകരന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.
Leave A Comment