കേരളം

കായികമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല, കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറ് രൂപ പിഴ

പത്തനംതിട്ട: കായികമന്ത്രി വി.അബ്ദുറഹിമാന്‍റെ പരിപാടിയില്‍ പങ്കെടുക്കാത്തതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പിഴ. പുനലൂര്‍ നഗരസഭാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതിന്‍റെ പേരിലാണ് നടപടി.

മന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്താതിരുന്ന മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും അടുത്ത എഡിഎസ് യോഗങ്ങള്‍ക്ക് മുമ്പായി 100 രൂപ പിഴ നല്‍കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സിപിഐ മുന്‍ കൗണ്‍സിലര്‍ സരോജ ദേവി, സിഡിഎസ് ഉപാധ്യക്ഷ ഗീതാ ബാബു എന്നിവരുടെ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ചയാണ് കിഫ്ബി ഫണ്ടിലൂടെ അഞ്ച് കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ ജനകീയ പങ്കാളിത്തം കുറവായിരുന്നു. ഇതിന് പിന്നാലെയാണ് സിഡിഎസ് അംഗങ്ങള്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ശബ്ദദസന്ദേശം പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ഇവര്‍ രംഗത്തുവന്നു. രണ്ട് മാസം മുമ്പ് കൊല്ലത്ത് നടന്ന സരസ് മേളയില്‍ പങ്കെടുക്കാത്തവരോടാണ് പിഴ ഒടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിശദീകരണം.

Leave A Comment