മുഖ്യമന്ത്രിക്കെതിരായ ശക്തിധരന്റെ ആരോപണം ഗൗരവതരം: സതീശന്
ന്യൂഡല്‍ഹി: സിപിഎമ്മിലെ ഉന്നതന് കോടികള്‍ കൈക്കൂലി വാങ്ങി കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയെന്ന ദേശാഭിമാനിയുടെ പത്രാധിപസമിതി അംഗമായിരുന്ന ജി.ശക്തിധരന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിക്കെതിരെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
തിരുവനന്തപുരം മുതല്‍ ടൈംസ് സ്ക്വയര്‍ വരെ പ്രശസ്തനായ നേതാവാണ് ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയതെന്നായിരുന്നു വെളിപ്പെടുത്തലെന്ന് സതീശന് ചൂണ്ടിക്കാട്ടി.
ധൈര്യമുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് സതീശന് പറഞ്ഞു. അന്വേഷണം നടത്തുമ്പോള്‍ ആഭ്യന്തരമന്ത്രിയുടെ പദവിയില്‍നിന്ന് മാറി നില്ക്കാന് മുഖ്യമന്ത്രി തയാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു.
റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് പിണറായി വിജയന് 1500 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയെന്ന് ബംഗളൂരുവിലുള്ള മുതിർന്ന മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തൽ നടത്തി. ഇക്കാര്യത്തിലും അന്വേഷണം നടത്തണം. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശന് പറഞ്ഞു.
സ്വപ്നാ സുരേഷിന്റെയും മുഖ്യമന്ത്രിയുടെ സഹപ്രവര്ത്തകന് ശക്തിധരന്റെയും വെളിപ്പെടുത്തലിനാണോ അതോ മോന്സന് മാവുങ്കലിന്റെ പഴയ ഡ്രൈവര്‍ക്കാണോ വിശ്വാസ്യതയെന്നും സതീശന് ചോദിച്ചു.
സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സുധാകരനെതിരായ കേസെന്നും സതീശൻ പറഞ്ഞു. മോന്സൻ മാവുങ്കലിന്റെ ഡ്രൈവറുടെ മൊഴിയാണ് കേസില്‍ സുധാകരനെതിരായ ഏക തെളിവ്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആര് പരാതി പറഞ്ഞാലും അത് എഴുതി വാങ്ങിച്ച് കേസെടുക്കും. എന്നാല്‍ പ്രധാനപ്പെട്ട ആളുകള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ നിശബ്ദത പാലിക്കുകയാണ്. ഇത് കാട്ടുനീതി ആണെന്നും സതീശന് വിമര്‍ശിച്ചു.
Leave A Comment