വെള്ളപ്പൊക്ക മുന്നൊരുക്കം: തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കാൻ ഉത്തരവായി
കൊച്ചി: മഴക്കാല മുന്നൊരുക്കങ്ങള്‍ക്കുള്ള 2023 ഓറഞ്ച് ബുക്കിലെ നിര്‍ദേശപ്രകാരം ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കാന്‍ ഉത്തരവായി. പഞ്ചായത്തുകളില്‍ ഒരു ലക്ഷം രൂപ വീതവും നഗരസഭകളില്‍ രണ്ട് ലക്ഷം രൂപ വീതവും കോര്പറേഷന് അഞ്ച് ലക്ഷം രൂപയും അനുവദിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ തുക മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. അതാത് തദ്ദേശ സ്ഥാപന മേഖലയില്‍ ക്യാമ്പുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളില്‍ വൈദ്യുതി, ശുചിമുറി, ലൈറ്റ്, ഫാന്‍, അടുക്കള എന്നിവ മെച്ചപ്പെടുത്താന്‍ മാത്രമേ ഈ തുക ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഒരു സാമ്പത്തിക വര്‍ഷം ഒരു തവണ മാത്രമേ തുകയ്ക്ക് അര്‍ഹതയുള്ളൂ.ചെലവുകള്‍ ബന്ധപ്പെട്ട വൗച്ചറുകള്‍, ബില്ലുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ അതാത് തദ്ദേശസ്ഥാപനങ്ങളില്‍ സൂക്ഷിക്കണം.
തുക വിനിയോഗിച്ച ശേഷം തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ക്ക് ലഭ്യമാക്കേണ്ടതും ജോയിന്റ് ഡയറക്ടര്‍ പരിശോധനയ്ക്ക് ശേഷം കളക്ടറേറ്റില്‍ നല്‍കണം. തുക ഈ സാമ്പത്തിക വര്‍ഷം തന്നെ വിനിയോഗിക്കേണ്ടതും വക മാറ്റി ചെലവഴിക്കാന്‍ പാടില്ലാത്തതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Leave A Comment