ഏക സിവില്‍കോഡിനെ നിയമപരമായി എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ്
മലപ്പുറം: ഏക സിവില്‍കോഡിനെ നിയമപരമായി എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ്. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതാണെന്നും നിലവിലുള്ള നിയമം അനുസരിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും നേതൃയോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.
ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. തെരഞ്ഞെടുപ്പ് കാലത്തെ അജണ്ടയാണ് ബിജെപി സെറ്റ് ചെയ്യുന്നത്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളും മതനിയമങ്ങളും വിശ്വാസങ്ങളുമുള്ള നാടാണ് ഇന്ത്യ.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരേ സിവില്‍ നിയമം എന്നത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമോയെന്ന പ്രധാനമന്ത്രിയുടെ ഭയമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഷയം എടുത്തിട്ടതിനു പിന്നില്‍.
പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നു. മറ്റൊന്ന് കര്‍ണാടക തെരഞ്ഞെടുപ്പു ഫലമാണ്. വര്‍ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കലും അടക്കം എല്ലാം ശ്രമിച്ചു നോക്കിയതാണ് അവിടെ. മോദിയുടെ വ്യക്തിപ്രഭാവവും കര്‍ണാടകയില്‍ പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് മോദി ഏക സിവില്‍ കോഡ് എടുത്തിടുന്നത്.
മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്? അതിലൊന്നും ഒരഭിപ്രായവും പറയാത്ത പ്രധാനമന്ത്രിയാണ് ഏക സിവില്‍ കോഡിനെക്കുറിച്ചു സംസാരിക്കുന്നത്. ലീഗ് എല്ലാക്കാലത്തും ഏക സിവില്‍ കോഡ് എന്ന ആശയത്തെ എതിര്‍ത്തിട്ടുണ്ട്.
സമൂഹത്തിലെ ഒരുപാടാളുകള്‍ അതില്‍ ലിഗിനൊപ്പമുണ്ടാവും. ഏക സിവില്‍ കോഡ് ഒരു മുസ്ലീം വിഷയമേ അല്ല. മോദി ഇതിനെ അങ്ങനെയാണ് കാണുന്നതെങ്കിലും ഇന്ത്യയിലെ മുഴുവന്‍ വൈവിധ്യങ്ങളെയും അപകടത്തിലാക്കുന്ന വിഷയമാണിത്.
ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ആശയ വിനിയമം നടത്തുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Leave A Comment