ശക്തിധരന്‍ സിപിഎമ്മിനോ ദേശാഭിമാനിക്കോ എതിരെ ഒരാരോപണവും ഉന്നയിച്ചിട്ടില്ല: ഇ.പി.ജയരാജന്‍
കണ്ണൂര്‍: സിപിഎമ്മിലെ ഉന്നതന്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് കോടികള്‍ കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ വെളിപ്പെടുത്തല്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ശക്തിധരന്‍ സിപിഎമ്മിനോ ദേശാഭിമാനിക്കോ എതിരെ ഒരാരോപണവും ഉന്നയിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.
നേതാവ് എന്ന് മാത്രമാണ് ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. നേതാവ് ആരും ആകാമല്ലോ എന്നും ജയരാജന്‍ ചോദിച്ചു.
പത്തോ അമ്പതോ കൊല്ലം മുമ്പുള്ള എന്തെങ്കിലും സംഭവത്തെക്കുറിച്ച് പറയുന്നതിന് ഒരടിസ്ഥാനവും ഇല്ല. അഴിമതി ആരോപണങ്ങളെ മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസ് ഇതെല്ലാം പ്രചരിപ്പിക്കുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അവര്‍ക്കെതിരായ കേസുകളില്‍നിന്ന് സംരക്ഷണം തേടിയാണ് ഡല്‍ഹിയില്‍ പോയത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇതിനെ ന്യായീകരിച്ചാല്‍ അവര്‍ക്ക് രാജ്യത്തുള്ള മതിപ്പ് നഷ്ടപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.
തനിക്കെതിരായി നേരത്തെ ആരോപണം ഉണ്ടായപ്പോള്‍ സ്ഥാനത്തുനിന്ന് മാറിനിന്നു. നിരപരാധിത്വം തെളിയിച്ച ശേഷമാണ് തിരിച്ചുവന്നത്. അത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ കോൺഗ്രസിന് ധൈര്യമുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.
Leave A Comment