വെറ്ററിനറി സർവകലാശാലയിൽ പേവിഷ ബാധയുള്ള നായ അലയുന്നു
മണ്ണുത്തി: വെറ്ററിനറി സർവകലാശാലയിൽ പേവിഷബാധയുള്ളതായി സംശയിക്കുന്ന നായ അലയുന്നതായി സംശയം. ഇതുമുലം വിദ്യർഥികളും തൊഴിലാളികളും ആശങ്കയിലാണ്.ശനിയാഴ്ചയാണ് പേവിഷബാധയുള്ളതായി സംശയിക്കുന്ന നായയെ പലരും കണ്ടത്. നേരത്തെ ഉണ്ടായിരുന്ന നായ്ക്കളെ കോർപറേഷൻ അധികൃതർ പിടികൂടി കൊണ്ടുപോയതോടെ ഭയം കുറഞ്ഞതായിരുന്നു. എന്നാൽ ക്വർട്ടേഴ്സിൽ താമസിക്കുന്ന വീട്ടമ്മയും മറ്റാെരു ഡോക്ടറും നായ അലഞ്ഞ് നടക്കുന്നതായി പരാതിപ്പെട്ടിരുന്നു.
ഈ നായ മറ്റു നായകളെ കടിച്ച് കുടുതൽ നായ്ക്കൾക്കു പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലാണ് തൊഴിലാളികൾ പരാതിപ്പെട്ടത്. ഇതിനുവേണ്ട മുൻകരുതലുകൾ എടുക്കാൻ കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്.
കോർപറേഷൻ പരിധിയിൽനിന്നു പിടികൂടിയതും രോഗലക്ഷണങ്ങൾ ഇല്ലാത്തതുമായ നായ്ക്കളെ എവിടെ സൂക്ഷിക്കും എന്നതാണ് കോർപറേഷൻ അധികൃതരുടെ പ്രശ്നം. നേരത്തെ പിടികൂടിയവയെ പിടികൂടിയ സ്ഥലത്തുതന്നെ വിട്ടയയ്ക്കാൻ വെറ്ററിനറി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല. ഇവയെ നീരിക്ഷണത്തിൽവയ്ക്കാൻ വേണ്ട സൗകര്യം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ല എന്നാണ് മറുപടി.
പേവിഷബാധയുള്ള നായയെ പിടികൂടാൻ ഇന്നലെ നായപിടുത്തക്കാരെ വിട്ടെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് കൗൻസിലർ പറഞ്ഞു. പിടികൂടിയ നായകൾക്കു വിഷബാധ ഇല്ല എന്ന് ഉറപ്പുവരുത്തി പിടികൂടിയ സ്ഥലത്ത് തന്നെ വിട്ടയക്കാൻ അനുവദിച്ചാൽ മാത്രമേ നായയെ പിടികൂടി പരിശോധനക്കു വിധേയമാക്കാൻ കഴിയൂ.
പിടികൂടിയ നായ്ക്കളെ സംരക്ഷിക്കാനുള്ള സംവിധാനം കോർപറേഷനിൽ ഇല്ലാത്തത് കൗണ്‍സിലർമാരെ എറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Leave A Comment