കേരളം

മരിച്ചത് അച്ഛനും രണ്ടു പെണ്‍മക്കളും, തിരിച്ചറിഞ്ഞത് മകളുടെ ഐഡി കാർഡിലൂടെ

പത്തനംതിട്ട : തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും രണ്ടു പെണ്‍മക്കളുമാണ്.ഇടുക്കി കുമളി ചക്കുപള്ളം സ്വദേശികളാണ്.രാവിലെ ഏഴേമുക്കാലിനാണ് അപകടമുണ്ടായത്.

ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്. ബ്ലെസി ചാണ്ടി പരുമല ഗ്രിഗോറിയോസ് കോളജില്‍ എംസിഎ വിദ്യാര്‍ത്ഥിനിയാണ്. ഇവര്‍ പത്തു വര്‍ഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്.റാന്നിയില്‍ നിന്നും വന്ന സ്വകാര്യബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. കാര്‍ തോട്ടില്‍ 15 മിനുട്ടോളം മുങ്ങിക്കിടന്നു. കഴിഞ്ഞദിവസത്തെ കനത്തമഴയെത്തുടര്‍ന്ന് തോട്ടില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും അരമണിക്കൂറുകളോളം പരിശ്രമിച്ചാണ് വാഹനം കരയ്ക്കടുപ്പിച്ചത്.

അപകടത്തില്‍പ്പെട്ടവരെ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയുടെ കോളേജ് ഐഡി കാര്‍ഡിലെ വിവരങ്ങളില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാര്‍ത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ച്‌ മൂവരെയും പുറത്തെടുത്തപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave A Comment