എഐ കാമറ; കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി
കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.
പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് പൊതുഖജനാവിൽ നിന്നും സർക്കാർ പണം നൽകരുതെന്ന് കോടതി നിർദേശം നൽകി. കോടതിയിൽ നിന്നും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കി.
കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാംഗ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹര്‍ജി വിശദമായി പരിശോധിക്കുമെന്നും ഹർജി സമർപ്പിച്ചവരെ അഭിനന്ദിക്കുന്നുവെന്നും കോടതി പരാമർശിച്ചു.
എഐ കാമറ സ്ഥാപിക്കുന്നതിന് ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
വിശദമായ പഠനം നടത്താതെയാണ് സർക്കാർ ഇപ്പോഴും മുന്നോട്ട് പോകുന്നതെന്നും സർക്കാരിന് താങ്ങാവുന്നതിലും അപ്പുറമാണ് ബാധ്യതയെന്നും ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർപ്പ് ഉന്നയിച്ചിരുന്നു.
എന്നാൽ വളരെ പെട്ടന്ന് തന്നെ ഈ തീരുമാനം ധനം വകുപ്പ് മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മേൽനോട്ടത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.
Leave A Comment