നിഖിലിനായി ശിപാര്‍ശ ചെയ്തത് സിപിഎം നേതാവ്: എംഎസ്എം കോളജ് മാനേജര്‍
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ആരോപണവിധേയനായ എസ്എഫ്‌ഐ നേതാവ് നിഖിലിനായി ശിപാര്‍ശ ചെയ്തത് സിപിഎം നേതാവെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു.
എന്നാല്‍ നേതാവിന്‍റെ പേര് വെളിപ്പെടുത്താന്‍ താന്‍ തയാറല്ല. അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണ് പേര്‍ വെളിപ്പെടുത്താത്തതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍വരെ ഇത്തരം ആവശ്യങ്ങളുമായി വിളിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ കോളജിന് അവമതിപ്പുണ്ടായി. നിഖിലിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായും മാനേജ്‌മെന്‍റ് വ്യക്തമാക്കി. കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി എംകോം പ്രവേശനം നേടിയത് വലിയ വിവാദമായിരുന്നു.
കലിംഗയില്‍ ബികോം കോഴ്സ് പൂര്‍ത്തിയാക്കിയെന്ന നിഖിലിന്‍റെ വാദം വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ആരോപണവിധേയനായ നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതില്‍ ഇയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിഖിലിന് എംകോമിന് പ്രവേശനം നല്‍കിയതില്‍ എംഎസ്എം കോളജിന് ഗുരുതര വീഴ്ചപറ്റിയതായി കേരള സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മലും തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോളജിനോട് വിശദീകരണം തേടുമെന്നും വിസി വ്യക്തമാക്കി.
നിലവിൽ എംഎസ്എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ് നിഖില്‍. 2018 - 2020 കാലഘട്ടത്തില്‍ ഇയാൾ ഇതേ കോളജില്‍ ബികോം ചെയ്തെങ്കിലും പാസായില്ല. പിന്നീട് പ്രവേശനത്തിനായി 2019 - 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കുകയായിരുന്നു.
ബികോം പഠനകാലത്ത് 2019 ല്‍ എംഎസ്എം കോളജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍.
Leave A Comment