കേരളം

രാജിവയ്ക്കാത്ത വിസിമാര്‍ക്ക് ഷോക്കോസ് നോട്ടീസ്; മുഖ്യമന്ത്രിക്ക് മറുപടി

തിരുവനന്തപുരം: രാജിവയ്ക്കാത്ത സംസ്ഥാനത്തെ 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.അടുത്ത മാസം മൂന്നാം തിയതി അഞ്ച് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടിസില്‍ പറയുന്നത്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സര്‍വകാലാശാല വിസിമാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നുവിളിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിക്കുകയും ചെയ്തു. ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയ ആളെ ക്രിമിനല്‍ എന്നല്ലാതെ എന്താണ് വിളിക്കുക. ഹിസ്റ്ററി കോണ്‍ഗ്രസിന് ശേഷം റിപ്പോര്‍ട്ട് തരാന്‍ പോലും തയ്യാറായില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയും അദ്ദേഹത്തെ വിമര്‍ശിച്ചില്ലേ?. വിസി അധികാപരിധി ലംഘിച്ചില്ലേ എന്നല്ലേ കോടതിയും ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായിയുടെ പ്രസംഗങ്ങള്‍ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പരിഹസിക്കുകയും ചെയ്തു. പിപ്പിടി പരാമര്‍ശത്തെയാണ് ഗവര്‍ണര്‍ പരിഹസിച്ചത്. ചെപ്പടിവിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പിടി വിദ്യായാകാമെന്നായിരുന്നു പരിഹാസം. 

ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Leave A Comment