പാഠ്യപദ്ധതി പരിഷ്കരണം; തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.
ജെന്‍ഡല്‍ ന്യൂട്രല്‍ യൂണിഫോമിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലുമൊന്നും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ സര്‍ക്കാര്‍ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന ഷംസുദ്ദീന് എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ശിവന്‍കുട്ടി.
മതനിഷേധം സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. ഇതില്‍ ആശങ്കപെടേണ്ട കാര്യമില്ലെന്നും ഷംസുദ്ദീനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കേരള സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളി വിടുന്നതാണ് പാഠ്യ പദ്ധതി പരിഷ്കരണമെന്നാണ് ഷംസുദ്ദീന് ശ്രദ്ധക്ഷണിക്കലിനിടെ പറഞ്ഞത്. മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കും. സ്കൂള്‍ സമയമാറ്റം മദ്രസകളെ ബാധിക്കുമെന്നും ഇത് പിന്‍വലിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Leave A Comment