പൊയ്യ മടത്തുംപടിയിൽ വീടിന് നേരെ ആക്രമണം; പിന്നിൽ ലഹരി മാഫിയയെന്ന് പരാതി
പൊയ്യ: പൊയ്യ പഞ്ചായത്തിലെ മടത്തുംപടി- ചക്കാട്ടിക്കുന്ന് പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടമെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ മടത്തുംപടി കൊടിയൻ വർഗീസിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രം ഉള്ള സമയത്താണ് ലഹരി മൂത്ത ഒരു യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.
വീട്ടിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തദ്ദേശവാസിയായ ഒരു യുവാവിന്റെ ചിത്രം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
പ്രദേശത്ത് ഏറെ കാലമായി പല വീടുകൾ കേന്ദ്രീകരിച്ചും ലഹരി ഉപയോക്താക്കളുടെ ആക്രമണവും ശല്യവും വർധിച്ചു വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതല്ലാതെ സാമൂഹ്യദ്രോഹികളായ ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പോലീസും എക്‌സൈസും ഉണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Leave A Comment