കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ വൻ തീപ്പിടുത്തം
ഇരിങ്ങാലക്കുട : വേളൂക്കര കല്ലംകുന്നിലുള്ള സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ വൻ തീപ്പിടുത്തം. രാവിലെ ഉണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം . ആളപായമില്ല.വിലമതിക്കുന്ന പ്ലാന്റിന്റെ പടിഞ്ഞാറെ ഭാഗവും യന്ത്ര സംവിധാനങ്ങളും കത്തി നശിച്ചു.
രാവിലെ പത്ത് മണിയോടെ എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മില്ലിലെ ഡ്രയറിൽ തീ ആളുന്നത് കണ്ടത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട, ചാലക്കുടി , മാള, കൊടുങ്ങലൂർ, പുതുക്കാട് എന്നിവടങ്ങളിൽ നിന്ന് എത്തിയ അഞ്ച് ഫയർ യൂണിറ്റുകളുടെ നേത്യത്വത്തിൽ ഒരു മണിയോടെയാണ് തീയണച്ചത്. എഴ് ടൺ വെളിച്ചെണ്ണയും അഞ്ച് ടൺ കൊപ്രയും അകത്ത് ഉണ്ടായിരുന്നു. ഇതിന് മാത്രം 12 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.
കല്ലംകുന്ന് ബാങ്കിന്റെ കീഴിൽ 2005 ലാണ് ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രൊസ്സസ്സിംഗ് യൂണിറ്റ് ആരംഭിച്ചത് . കല്പശ്രീ എന്ന പേരിൽ പുറത്തിറക്കുന്ന വെളിച്ചെണ്ണ ഗുണനിലവാരം കൊണ്ട് വിപണിയിൽ എറെ ശ്രദ്ധ നേടിയിരുന്നു. പായ്ക്കിംഗ് യൂണിറ്റിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ചണം അമിത ചൂടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
Leave A Comment