മരത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
മാള : മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അതിസാഹസികമായി കീഴടക്കി മാള ഫയർഫോഴ്സ്. ഇന്ന് ഉച്ചയോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മാള, മാരേക്കാട് സ്വദേശിയായ യുവാവാണ് ഒന്നരമണിക്കൂറോളം ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിൽ കയറി നിന്ന് നാട്ടുകാരെ മുൾമുനയിൽ നിർത്തിയത്. കൊമ്പൊടിഞ്ഞാമാക്കലിൽ ഉള്ള സ്ത്രീയുമായുള്ള സാമ്പത്തിക വിഷയത്തിന്റെ പേരിലാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത് എന്ന് നാട്ടുകാർ പറഞ്ഞു. കഴുത്തിൽ കുരുങ്ങാൻ ഉള്ള ഷാളും കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായാണ് ഇയാൾ മരത്തിൽ കയറിയത്.
ഫയർ ഫോഴ്സ് മുൻകരുതൽ എടുക്കുന്നതിനു മുൻപ് തന്നെ ഇയാൾ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തീപ്പെട്ടി ഉരച്ച് സ്വയം തീക്കൊളുത്താൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരനായ ശീൽകുമാറും ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ നിഷാദും ഉടൻ മരത്തിലേക്ക് കയറി ഇയാളെ കീഴ്പ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇയാളെ ഏണിവഴി താഴേക്ക് ഇറക്കുന്നതിനിടയിൽ കുതറിമാറാൻ ശ്രമിച്ചതിനെ തുടർന്ന് മൂന്നുപേരും താഴേക്ക് വീണു. മൂന്ന് പേരെയും ചാലക്കുടിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വീഴ്ചയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ നിഷാദിന്റെ വലതു കൈ ഒടിയുകയും കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ദ്രുതഗതിയിലുള്ള നീക്കം മൂലമാണ് ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചത് എന്ന് ഫയർഫോഴ്സ് ഓഫീസർ ജോയ് അറിയിച്ചു.
Leave A Comment