പറവൂരിലെ ഭക്ഷ്യവിഷബാധ: ചികിത്സ തേടിയവരുടെ എണ്ണം 50 കടന്നു
പറവൂർ : പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടി. മാള, വൈപ്പിൻ മേഖലയിലുൾപ്പെട്ട നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. മാളയിൽ മാത്രം 9 പേർക്ക് വിഷബാധ ഏറ്റു. നിലവിൽ 50ന് മേൽ ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒൻപതായി. പിന്നീട് 17 ആയി ഉയർന്നു. പറവൂരിലും എറണാകുളത്തും ചാലക്കുടിയിലുമെല്ലാം ചികിത്സ തേടിയവർ പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേർ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.
അതിനിടെ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വിഭാഗം നേരത്തേ പരിശോധന നടത്തിയിരുന്നു എന്നും തെറ്റായ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടില്ലെന്നും നഗരസഭ ചെയർപേഴ്സൺ വി എ പ്രഭാവതി മീഡിയ ടൈമിനോട് പറഞ്ഞു. എന്നാൽ ആരോഗ്യ വിഭാഗത്തിന്റെ വീഴ്ച്ചയാണ് മജ്‌ലിസ് ഹോട്ടലിൽ ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിധിൻ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഡി വൈ എഫ് ഐ പ്രതികരിച്ചു.
Leave A Comment