വില്ലനായത് ഇറച്ചി വിഭവങ്ങള്‍; പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ ചികിത്സയിലുള്ളത് 70 പേര്‍
പറവൂർ: ദേശീയപാതയിൽ മുനിസിപ്പൽ കവലക്കു സമീപമുള്ള മജ്ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവരില്‍ എഴുപതിലേറെ പേർക്കു ഭക്ഷ്യവിഷബാധയേറ്റുവെന്നാണ് അവസാനം ലഭിക്കുന്ന വിവരം. തിങ്കളാഴ്ച്ച വൈകീട്ടും, രാത്രിയും ഭക്ഷണം കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്. സംഭവത്തെത്തുടർന്നു ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പൂട്ടിച്ചു. കുഴിമന്തി, അൽഫാം, ഷവായി എന്നിവ കഴിച്ചവർ വയറുവേദന, വയറിളക്കം, ഛർദി, പനി എന്നീ അസ്വസ്ഥതകളുമായാണ്ആ ശുപത്രിയിലെത്തിയത്. യുവാക്കളും, യുവതികളും വിദ്യാർത്ഥികളുമാണ് ഇവരിലേറേയും.
പറവൂര്‍ താലൂക്ക് ആശുപത്രിയിൽ 34, നഗരത്തിലെ രണ്ട് സ്വകാര്യ ആശുപതികളിലായി 20, വൈപ്പിനിലെ സ്വകാര്യ ആശുപ്രതിയിൽ മൂന്ന്, മാള, ചാലക്കുടി എന്നിവിടങ്ങളിലെ വിവിധ ആശുപതികളിലായി ആറ് പേരും ചികിത്സ തേടിയെത്തി. തത്തപ്പിള്ളി മന്നം ഭാഗത്തു നിന്നു തൃശൂരിലേക്കു മേളത്തിനു പോയ ആറ് പേർ മണ്ണുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, കൊച്ചിയിൽ നിന്നു കാറിൽ കോഴിക്കോട്ടേക്കു പോയ നാല് പേർ കോഴിക്കോട്ടെ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. പറവൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരൊഴികെ ഭൂരിഭാഗം പേരും ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി.
ചിക്കൻ മന്തി കഴിച്ച കെടാമംഗലം പുതുവേലിയിൽ നവീൻ (21), നികത്തിൽ അതുൽ (21), കുത്തോട്ടിപറമ്പ് പ്രണവ് (21) എന്നിവരാണ് ചൊവ്വ രാവിലെ ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചെറായിയിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ കള്ളിക്കാട്ട് ബോവസ് (22), സുഹൃത്ത് ചെറായി സ്വദേശിനി ഗീതു (23) എന്നിവർ ചിക്കൻ മന്തിയാണു കഴിച്ചത്. വയറുവേദന രൂക്ഷമായതിനെത്തുടർന്നു ഇവരെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.
നന്ത്യാട്ടുകുന്നം മുക്കണ്ണിക്കൽ ബെന്നി - സിയ ദമ്പതികളുടെ മക്കളായ സാനിയ (17), സാമുവൽ (7) എന്നിവർ രാവിലെ സ്കൂളിൽ പോയെങ്കിലും അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്നു പറവൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവരെ പിന്നീടു നഗരത്തിലെ സ്വകാര്യ ആശുപ്രതിയിലേക്കു മാറ്റി. ചിക്കൻ മന്തി പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടു പോയി കഴിച്ചതാണ് ഇവർക്കു ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണം.
പല്ലംതുരുത്ത് കളത്തിപ്പറമ്പിൽ ദിയയും (21) ആശുപത്രിയിൽ ചികിത്സ തേടി. ദിയയ്ക്കൊപ്പം മന്തി കഴിച്ച എടവനക്കാട്, കൊച്ചി, കൊട്ടുവള്ളിക്കാട് സ്വദേശിനികളായ സുഹൃത്തുകൾക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഭക്ഷ്യവിഷബാധ ഏറ്റവരിൽ കുന്നുകര എംഇഎസ് കോളജിലെ 10 ബിടെക് വിദ്യാർഥികളുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്ന ഇവർ തിങ്കൾ രാത്രി എത്തി അൽഫാം, ഷവായ് എന്നിവയാണു കഴിച്ചത്. എല്ലാവർക്കും വയറിന് പ്രശ്നങ്ങൾ ഉണ്ടായി. ചൊവ്വ ഇവർക്കു ബിടെക് സെമസ്റ്റർ പരീക്ഷ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധ ഏറ്റതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.
മജ്ലിസ് ഹോട്ടലിൽ നിന്നു ഭക്ഷ്യവിഷബാധ ഏറ്റവരിൽ മാള, പൊയ്യ നിവാസികളും ഉള്‍പ്പെടുന്നു. മാള കുരുവിലശേരി സ്വദേശി ക്രിസ് പനയ്ക്കൽ, വലിയപറമ്പ് സ്വദേശി അജിത് പനയ്ക്കൽ, പൊയ്യ മാള പള്ളിപ്പുറം തട്ടകത്ത് അലക്സ് ഷാന്റി, ചക്കാലക്കൽ തോമസ്, മക്കളായ മിഥുൻ, മെറിൻ, എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ചൊവ്വ രാവിലെ നഗരസഭ ആരോഗ്യ വിഭാഗം മജ്ലിസ് ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്താനായില്ല. ആരോഗ്യ വിഭാഗം മുൻപു പലതവണ ഇതേ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു നഗരസഭാധികൃതർ പറയുന്നത്.
Leave A Comment