പ്രാദേശികം

കുരുംബക്കാവിൽ ഇന്ന് മൂന്നാം താലപ്പൊലി: ഭാഗവതിയുടെ തിടമ്പേറ്റി ഈരാറ്റുപേട്ട അയ്യപ്പൻ

കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവിൽ ഇന്ന് മൂന്നാം  താലപ്പൊലി .താലപ്പൊലിയുടെ ഏറ്റവും ആകർഷകമായ എഴുന്നള്ളിപ്പിന്  ഈരാറ്റുപേട്ട അയ്യപ്പൻ ഭഗവതിയുടെ സ്വർണക്കോലമേന്തി.തെക്കേ നടയിലെ ശ്രീ കുരുംബമ്മയുടെ നടയിൽനിന്ന് ഭഗവതിയുടെ സ്വർണക്കോലമേന്തിയ  ഈരാറ്റുപേട്ട അയ്യപ്പന് ഇടവും വലവുമായി മറ്റ് രണ്ട് ഗജവീരന്മാരും അണിനിരന്നതോടെ  ശ്രീകുരുംബക്കാവിൽ മൂന്നാം  താലപ്പൊലിയുടെ ആരവമുയർന്നു.

ഉച്ചയ്ക്ക്  നടന്ന എഴുന്നള്ളിപ്പിന് കുഴുർ സുധാകര മാരാരുടെ പഞ്ചവാദ്യം അകമ്പടിയായി. പോസ്റ്റോഫീസ് പരിസരത്തുനിന്ന് മൂന്ന് ഗജവീരന്മാർകൂടി ചേർന്ന് അഞ്ച് ആനകളോടെയാണ് കിഴക്കേ നടയിലെ ഗജമണ്ഡപത്തിലെത്തിയത്. തുടർന്ന് ഒമ്പത് ആനകളോടെ ക്ഷേത്രത്തിന് അഭിമുഖമായി എഴുന്നള്ളിപ്പ് നിരക്കുകയും വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയും പരിവാരങ്ങളുംചേർന്ന് എഴുന്നള്ളിപ്പിനെ ക്ഷേത്രത്തിലേക്ക് എതിരേൽക്കുകയും ചെയ്തു.

കുരുംബമ്മയുടെ നടയിൽ ഗുരുതിപൂജയും രാത്രിയിൽ എടവിലങ്ങ് പതിനെട്ടരയാളം കോവിലകത്തുനിന്ന് രാത്രിയെഴുന്നള്ളിപ്പും നടന്നു.  തുടർന്ന്  1001 കതിനവെടി , തിരുവാതിരക്കളി, ഗാനമേള , നാടൻ പാട്ടുകൾ  എന്നിവ നടന്നു. തുടർന്ന്  സന്ധ്യയോടെ  പതിനെട്ടരയാളം കോവിലകത്ത് എത്തുന്ന അടികൾമാർ പത്മമിട്ട് കളമൊരുക്കി പൂജകൾ നടത്തിയാണ് ഒരാനയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത്.

എഴുന്നള്ളിപ്പ് ലോകമലേശ്വരം ഉണ്ണിപ്പറമ്പത്തു പടിയിൽ എത്തുമ്പോൾ മേളം നിർത്തി കോലം ഇറക്കി പൂജ നടത്തും. ഉണ്ണിപ്പറമ്പത്തു പടി കടന്നശേഷം മേളത്തോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പ് വടക്കേനടയിലെ വില്ലേജ് ഓഫീസ് പരിസരത്തെത്തുമ്പോൾ മറ്റ് ആനകൾ അണിനിരന്ന് പുലർച്ചയോടെ ക്ഷേത്രത്തിലെത്തി സമാപിക്കും.

Leave A Comment