കൊടുങ്ങല്ലൂർ പോലീസിനെതിരെ ഹൈകോടതിയിൽ ഹർജി; നീതി നിഷേധിക്കുന്നുവെന്ന് പരാതി
കൊടുങ്ങല്ലൂർ : പിതാവ് മരിച്ചത് ബാങ്കിനെ അറിയിക്കാതെ അക്കൗണ്ടിൽ നിന്നും വൻതുക പിൻവലിച്ച സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ കൊടുങ്ങല്ലൂർ പോലീസിന് വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി മകന്റെ പരാതി. കൊടുങ്ങല്ലൂർ മാടവന ചുള്ളിപ്പറമ്പിൽ ഹനീഫയുടെ മകൻ ഫൈസൽ, ഭാര്യ സനീറ, മകൻ നബീൽ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദ് തള്ളിയിരുന്നു.
പിതാവിന്റെ പേരിൽ വിവിധ ബാങ്കുകളിൽ ഉള്ള അക്കൗണ്ടുകളിൽ നിന്ന് എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, പിതാവ് നേരത്തെ ഒപ്പിട്ടു വെച്ച ചെക്ക് ലീഫ് എന്നിവ ഉപയോഗിച്ച് പിതാവിന്റെ മരണശേഷം വൻതോതിൽ തുക പിൻവലിച്ച് സ്വന്തം ആവശ്യത്തിന് ചെലവാക്കുകയായിരുന്നു എന്നായിരുന്നു പരാതി.
പിൻവലിച്ച തുകയിൽ തനിക്ക് കൂടി അവകാശമുള്ളതാണെന്ന് ആരോപിച്ച് ഫൈസലിന്റെ സഹോദരൻ റാഫി നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ ജാമ്യ അപേക്ഷ കോടതി തള്ളി.
ഇതിനിടെ പോലീസ് സഹോദരനെയും പ്രതികളായ മറ്റു കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് റാഫി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ അജിത്ത് പ്രതികളുമായി ചേർന്ന കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഗുരുതരമായ ആരോപണവും ഹർജിയിൽ പരാതിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർ അജിത്തിന്റെ ഫോൺ രേഖകൾ അടക്കം പരിശോധിച്ചാൽ ഇക്കാര്യം വെളിപ്പെടുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസിൽ നിന്നും നീതി ലഭ്യമാകുന്നില്ല എന്ന് ആരോപിച്ച് ഒരു യുവതി കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത് കൊടുങ്ങല്ലൂരിൽ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. യുവതിയുടെ പരാതിയിൽ ഡിവൈഎസ്പി വീട്ടമ്മയുടെ മൊഴിയുമെടുത്തു. കൊടുങ്ങല്ലൂർ പോലീസിനെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്നത് അത്ര ആശാസ്യം അല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
Leave A Comment