ഇടതുകര കനാൽ വഴി വെള്ളം തുറന്നു വിടുന്നില്ല: കൊരട്ടിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം
കൊരട്ടി: കൊരട്ടി പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന ഇടതുകര കനാലിൽ വെള്ളം സമയബന്ധിതമായി തുറന്ന് വിടാത്തതിൽ പ്രതിഷേധിച്ച് ചാലക്കുടി ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിന് മുന്നില്‍ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.
ടേം അനുസരിച്ച് കൊരട്ടിയിലേക്ക് ഉള്ള വെള്ളം പകുതി കനാൽ വിടുന്നതുമൂലം കൊരട്ടിയിലെ പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളം എത്തിയിട്ട് ഒരു മാസത്തിൽ അധികമായി , ഇതുമൂലം ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ ഫോൺ വിളിച്ചാൽ പോലും ഉദ്യോഗസ്ഥർ ഫോൺ എടുക്കാൻ കൂട്ടാക്കാറില്ല എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു പറഞ്ഞു.
അങ്കമാലി, പാറക്കടവ് മേഖലയിലേക്ക് പല ഉന്നത സ്വാധീനം മൂലം അളവിൽ കൂടുതൽ വെള്ളവും കൂടുതൽ ദിവസവും വെള്ളം തുറന്ന് വിടുന്നതായി വികസന ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ് ആരോപിച്ചു. കുത്തിയിരിപ്പ് സമരം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു.
കൊരട്ടി പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ്, കുമാരി ബാലൻ, ബിജോയ് പെരെപ്പാടൻ, ബിജി സുരേഷ് എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഇറിഗേഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ലാലി ജോർജ്ജിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആയി ചർച്ച ചെയ്ത് വെള്ളം കൃത്യമായി തുറന്ന് വിടാം എന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു
Leave A Comment