പ്രാദേശികം

കൈപ്പമംഗലം പമ്പുടമയുടെ കൊലപാതകം : പ്രതികൾക്ക് ജീവപര്യന്തവും പിഴയും

ഇരിങ്ങാലക്കുട: കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ പമ്പുടമ കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴതുകയായ 5 ലക്ഷം രൂപ കൊലപ്പെട്ട മനോഹരന്റെ ഭാര്യ ഗീതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയൊ  എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചത്.

തട്ടിക്കൊണ്ടുപോകല്‍ (7വര്‍ഷം കഠിനതടവ്), പിടിച്ചുപറി (5 വര്‍ഷം കഠിന തടവ്), തെളിവ് നശിപ്പിക്കല്‍ (1 വര്‍ഷം കഠിന തടവ്) എന്നിങ്ങനെ മറ്റു വകുപ്പ്കള്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2019 ഒക്ടോബര്‍ മാസത്തിലായിരുന്നു കൊലപാതകം. 2019 ഓക്ടോബര്‍ 15ന് പുലര്‍ച്ചെ 1 മണിയോടു കൂടിയായിരുന്നു കൊലപാതകം.  വഴിയമ്പലത്ത് പെട്രോള്‍ പമ്പില്‍ നിന്നും മനോഹരന്‍ കാറില്‍ കയറി  വീട്ടിലേക്ക് പോകുന്ന നേരത്ത് അകമ്പാടത്ത് വെച്ച് രണ്ടാം പ്രതി അന്‍സാര്‍ ഓടിച്ചിരുന്ന ബൈക്ക് മനോഹരന്റെ കാറില്‍ ഇടിക്കുകയായിരുന്നു. വിവരം തിരക്കാന്‍ പുറത്തിറങ്ങിയ മനോഹരനെ ബലമായി കാറിന്റെ പിന്‍സീറ്റില്‍ പിടിച്ചു കയറ്റി മനോഹരന്റെ വായിലും മൂക്കിലും പാക്കിംഗ് ടാപ്പ് ഒട്ടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പോകും വഴി മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഗുരുവായൂര്‍ മമ്മിയൂരില്‍ ഉപേക്ഷിച്ച് കാറുമായി കടന്നു കളയുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മമ്മിയൂരില്‍ കണ്ടതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.പ്രേമാനന്ദ കൃഷ്ണന്‍ കേസെടുത്ത് അന്വേഷണം നടത്തുകയും മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ കേസ് അന്വേഷണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ് ഏറ്റെടുക്കുകയുമാണുണ്ടായത്.

മനോഹരന്‍ ഉപയോഗിച്ചിരുന്ന കാര്‍ മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും പ്രതികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും തൊട്ടടുത്ത ദിവസം പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റല്‍ പരിസരത്ത് നിന്നും പ്രതികളെ പിടികൂടുകയും ചെയ്തു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണികൃഷ്ണന്‍, അഭിഭാഷകരായ സഹര്‍ അഹമ്മദ്, എന്‍.യു.ഹരികൃഷ്ണ എന്നിവര്‍ ഹാജരായി.

Leave A Comment