കൊടുങ്ങല്ലൂർ ബൈപാസിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ തകരാറിൽ
കൊടുങ്ങല്ലൂർ:നാട്ടുകാർക്ക് മുന്നിൽ ചതിക്കുഴിയൊരുക്കി ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസ്, അധികാരികൾ കണ്ണടച്ചിരുട്ടാക്കുമ്പോൾ പൊതു ജനങ്ങള്‍ക്ക് ബൈപ്പാസിലൂടെയുള്ള യാത്ര ഞാണിൻമേൽ കളിയായി മാറുകയാണ്.
വാഹനാപകടങ്ങൾ കൊണ്ട് ചീത്തപ്പേര് പേറുന്ന ബൈപ്പാസിൽ അപകടത്തിന് വഴിതുറന്നിട്ടിരിക്കുകയാണ് അധികൃതർ.ബൈപ്പാസ് റോഡിലെ സി.ഐ ഓഫീസ് സിഗ്നൽ ജംഗ്ഷനിൽ ഏത് നിമിഷവും വലിയൊരു അപകടം നടന്നേക്കാവുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ ഏതാനും മാസമായി ജംഗ്ഷനിലെ വടക്കുഭാഗത്തെ സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.ചരക്കു ലോറിയിടിച്ച് കടപുഴകി വീണ സിഗ്നൽ പോസ്റ്റ് ഇപ്പോഴും അതേ അവസ്ഥയില്‍ തന്നെയാണ്.സിഗ്നൽ ഇല്ലാതെയാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജംഗ്ഷനിലെ മറ്റു സിഗ്നലുകളും തകരാറിലായതോടെ അപകടം കൺമുന്നിൽ വന്നു നിൽക്കുന്ന അവസ്ഥയാണ്.
സിഗ്നൽ ലഭിക്കാതെ തന്നിഷ്ടപ്രകാരം വാഹനങ്ങൾ കടന്നു പോകുമ്പോൾ ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണുള്ളത്.
ഇക്കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.തകരാറിലായ സിഗ്നൽ സംവിധാനവും സമൂഹത്തിനോട് പ്രതിബന്ധതയില്ലാത്ത ഉദ്യോഗസ്ഥരും ചേർന്ന് തീർക്കുന്ന ചതിക്കുഴിയിൽ വീഴാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് നാട്ടുകാർ.
Leave A Comment