വിവാഹം കലക്കിയ മുൻ കാമുകനെ 'കൈകാര്യം' ചെയ്ത് യുവതിയുടെ ബന്ധുക്കൾ
ആലുവ: മയക്കുമരുന്ന് ലഹരിക്കടിമയായ സഹപാഠിയുടെ പ്രണയത്തിൽ നിന്നും പിൻമാറിയ യുവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചു. കല്യാണം മുടക്കൽ പതിവായതോടെ യുവതിയുടെ ബന്ധുക്കൾ യുവാവിനെ കൈയേറ്റം ചെയ്തതായി പരാതി.
എടത്തല കോമ്പാറ സ്വദേശിയെയാണ് തായിക്കാട്ടുകര സ്വദേശിനിയുടെ ബന്ധുക്കൾ മർദിച്ചതായി പരാതി. ആലുവയിലെ പ്രമുഖ കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികളായിരുന്നു ഇരുവരും.
ലഹരിക്കടിമയാണ് യുവാവ് എന്നറിഞ്ഞതോടെ യുവതി പ്രണയത്തിൽ നിന്നും പിന്മാറി. പഠനശേഷം യുവതി തിരുവനന്തപുരത്ത് ഉപരിപഠനത്തിന് ചേർന്നു. എന്നാൽ യുവതിക്ക് വന്ന രണ്ട് വിവാഹ ആലോചനകളും യുവാവ് മുടക്കി.
അതോടൊപ്പം യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണവും നടത്തി. ആദ്യകാലങ്ങളിൽ ഒരുമിച്ച് നിന്നെടുത്ത ഫോട്ടോകൾ യുവതിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് നിർമിച്ചാണ് പോസ്റ്റുചെയ്തത്.ഇതിനെതിരെ യുവതി ആലുവ പോലീസിൽ നൽകിയ പരാതിയിൽ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നേരത്തെ ഇതേ യുവതി മറ്റൊരു പരാതിയും നൽകിയിരുന്നു.
വേറെയൊരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന മറ്റൊരു പരാതിയും ഇയാൾക്കെതിരെ ആലുവ പോലീസിലുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് യുവതിയുടെ ബന്ധുക്കൾ കഴിഞ്ഞയാഴ്ച്ച യുവാവിനെ മർദിച്ചെന്ന സംഭവം ഉണ്ടായത്. ഈ പരാതിയിൽ യുവതിയുടെ ബന്ധുക്കൾക്കെതിരെ എടത്തല പോലീസ് കേസെടുത്തിട്ടുണ്ട്.
Leave A Comment