പ്രാദേശികം

തീരാ നൊമ്പരമായി മൂന്ന് കുഞ്ഞുങ്ങൾ, കണ്ണീരോടെ വിട

പറവൂർ: പറവൂരില്‍ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മരിച്ച മൂന്ന് കുഞ്ഞുങ്ങൾ. മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ചെറിയപല്ലം തുരുത്തു സ്വദേശി ബിജുവിന്‍റെയും കവിതയുടേയും മകള്‍ ശ്രീവേദ, കവിതയുടെ സഹോദരൻ ബിനു -നിത ദമ്പതികളുടെ മകൻ അഭിവന് എന്നിവരുടെ മൃതദേഹം പറവൂർ ചെറിയപല്ലം തുരുത്തിലും ശ്രീരാഗിന്‍റെ മൃതദേഹം ഇരിഞ്ഞാലക്കുടയിലുമാണ് സംസ്കരിച്ചത്. 

പറവൂര്‍ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ബന്ധുക്കളായ മൂന്നു കുട്ടികളേയും വീട്ടിൽ നിന്നും കാണാതായെന്ന വിവരം പുറത്ത് വന്നത്.  തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വൈകിട്ടോടെ പുഴയോരത്ത് കുട്ടികളുടെ സൈക്കിള്‍ കണ്ടെത്തി.

 കളിക്കാനിറങ്ങിയ മൂന്ന് കുട്ടികളുടെയും ഡ്രസ്സും, പുഴയോരത്ത് കണ്ടതിനെ തുടർന്ന് കുട്ടികൾ പുഴയിൽ ഇറങ്ങിയെന്ന സംശയത്തിൽ തെരച്ചിൽ തുടങ്ങി. തുടര്‍ന്ന് ആദ്യം ശ്രീവേദയുടേയും പിന്നാലെ അഭിനവിന്‍റേയും ശ്രീരാഗിന്‍റേയും മൃതദേഹങ്ങൾ കിട്ടി.

 ഇരിങ്ങാലക്കുടയിൽ നിന്ന് പറവൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു പന്ത്രണ്ടുകാരനായ ശ്രീരാഗ്. വീട്ടുകാരൊന്നും അറിയാതെ മൂന്നു കുട്ടികളും വീടിന് സമീപത്തെ പുഴയില്‍ ഇറങ്ങുകയായിരുന്നു. ഉച്ച സമയത്ത് പുഴയുടെ പരിസരത്തൊന്നും ആളുകളുണ്ടാവാറില്ല. അതിനാൽ കുട്ടികള്‍ പുഴയിലേക്കിറങ്ങിയതും അപകടത്തില്‍പെട്ടതും ആരും അറിഞ്ഞില്ല.

Leave A Comment