ഇഴയുന്ന വെള്ളാങ്ങല്ലൂരിലെ സംസ്ഥാന പാത നിര്‍മ്മാണം; കളക്ടർ സ്ഥലം സന്ദര്‍ശിച്ചു
വെള്ളാങ്ങല്ലൂർ: നിർമ്മാണം ആരംഭിച്ച് നാല് മാസം കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാത്ത കൊടുങ്ങല്ലൂര്‍ - ഷോര്‍ണൂര്‍ സംസ്ഥാന പാതയുടെ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രദേശം കളക്ടർ സന്ദർശിച്ചു. കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പരിധിയിൽ നിർമ്മാണം പൂർത്തീകരിക്കാത്ത റോഡാണ് കളക്ടർ വി .ആർ കൃഷ്ണ തേജ സന്ദർശിച്ചത്.
കൊടുങ്ങല്ലൂർ ഷൊര്‍ണൂര്‍ സംസ്ഥാന പാത റീബീൽഡ് കേരള പദ്ധതിയിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷൻ മുതൽ അണ്ടാണിക്കുളം വരെയുള്ള റോഡിൽ ഒരു ഭാഗത്തേക്ക് മാത്രം ഗതാഗതം അനുവദിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നാലു മാസത്തിലധികമായി. പണിയുടെ മെല്ലെപ്പോക്കിനെതിരെ വിവിധ സംഘടനകള്‍ പരാതി ഉയര്‍ത്തിയിരുന്നു.
നിർമ്മാണമേറ്റെടുത്തിട്ടുള്ള കമ്പനിയുടെ അലംഭാവത്തിൻ്റെ ഭാഗമായിട്ടാണ് റോഡ് നിര്‍മ്മാണം ഇഴയുന്നതെന്നായിരുന്നു ഭരണപക്ഷം പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിപക്ഷവും വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധം ശക്തമാക്കിയപ്പോള്‍ പണി അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്റ്റർക്ക് നിവേദനം നല്കുകയായിരുന്നു.
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം മുകേഷ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് എന്നിവരുടെ ആവശ്യപ്രകാരം കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതി നടത്തിപ്പുകാരായ കെ.എസ്.ടി.പിയുടെ ഉന്നത ഉദ്യോഗസ്ഥരെയും കോൺട്രാക്റ്ററുടെ പ്രതിനിധികളെയും വിളിച്ചു വരുത്തി വീഴ്ച വരുത്തിയതിനു വിശദീകരണം തേടിയ കളക്ടര്‍ അപാകതകൾ പരിഹരിച്ച് അടിയന്തിരമായി പണി പൂർത്തീകരിക്കാൻ നിർദ്ദേശം നല്കി.
അതേസമയം, രണ്ട് മാസം കൊണ്ട് തീര്‍ക്കേണ്ട റോഡ് നിര്‍മ്മാണം നാല് മാസമായിട്ടും പൂര്‍ത്തീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. പ്രൊജക്റ്റ് നടത്തിപ്പുകാർ ആയ കെഎസ് ടിപി റോഡു നിര്‍മ്മാണം വൈകുന്നതിന്റെ കാരണമായി പറയുന്നത് സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നാണ്. കരൂപ്പടന്ന മുതൽ കോണത്തുകുന്നു വരെ കോൺക്രീറ്റ് പണികൾ തീർന്നെങ്കിലും സൈഡ് കാന നിർമ്മാണം തുടങ്ങിയിട്ടില്ല. വാഹനങ്ങളുടെ അമിത വേഗത വഴി യാത്രക്കാർക്ക് ഏറെ ഭീഷണി ഉണ്ടാക്കുന്നു.
കാന പണിയാത്തതിനാൽ മഴക്കാലം വരുമ്പോൾ റോഡിനു ഇരു വശം ഉള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയുണ്ടാകും.അതുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അപാകതകള്‍ എല്ലാം പരിഹരിച്ചുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
Leave A Comment