തൃക്കാക്കരയിൽ യുഡിഎഫിന് ആശ്വാസം; ഒരാൾ തിരിച്ചെത്തി
കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണ പ്രതിസന്ധി ഒഴിവായതിന്റെ ആശ്വാസത്തിൽ യുഡിഎഫ്. യുഡിഎഫ് വിട്ട നാല് വിമതരിൽ ഒരാൾ തിരിച്ചെത്തി. 33ാം വാർഡ് കൗൺസിലർ വർഗീസ് പ്ളാശ്ശേരി ആണ് യുഡിഎഫിലേക്ക് തിരിച്ചെത്തിയത്. വർഗീസ് പ്ളാശ്ശേരി തിരിച്ചെത്തിയതോടെ 22 പേരുടെ പിന്തുണ ആയി. തൃക്കാക്കര നഗരസഭയിൽ 43 അംഗങ്ങളാണുള്ളത്. യുഡിഎഫിനുള്ള പിന്തുണ തുടരും എന്ന് വർഗീസ് പ്ളാശ്ശേരി നേതൃത്വത്തെ അറിയിച്ചു.നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതിനിടയിൽ അപ്രതീക്ഷിതമായി സിപിഎം നടത്തിയ ചടുലമായ നീക്കമാണ് യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സ്ഥിതിയിലെത്തിച്ചത്. യുഡിഎഫിനൊപ്പം നിന്ന് നാല് വിമതന്മാരെ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വാഗ്ദാനം ചെയ്താണ് ഇടത്പക്ഷം കൂടെക്കൂട്ടിയത്. ഈ വിമതന്മാരിൽ ഒരാളെയെങ്കിലും തിരിച്ചെത്തിച്ച് ഭരണം നിലനിർത്താനുള്ള തത്രപ്പാടിലായിരുന്നു കോൺഗ്രസ്.
43 അംഗ തൃക്കാക്കര നഗരസഭയിൽ യുഡിഎഫിന് 21, എല്‍ഡിഎഫിന് 17, കോണ്‍ഗ്രസ് വിമതർ അഞ്ച് എന്നിങ്ങനെയാണ് അംഗ സംഖ്യ. വിമതരെ ഒപ്പം കൂട്ടി കഴിഞ്ഞ രണ്ടര വർഷം, ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ നഗരസഭ ഭരിച്ചു. മുൻ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന് ചെയർപേഴ്സൺ സ്ഥാനം വിട്ടുകൊടുക്കാൻ അജിത തങ്കപ്പൻ തുടക്കത്തിൽ തയ്യാറായില്ല. അജിതയെ രാജിവെപ്പിച്ച് എ ഗ്രൂപ്പിലെ രാധാതങ്കമണിയെ ചെയർപേഴ്സണാക്കാൻ യുഡിഎഫിനകത്ത് ചർച്ച തുടരുമ്പോഴാണ് എൽഡിഎഫ് ക്യാമ്പിന്റെ ചടുലമായ നീക്കം.
Leave A Comment