നാലമ്പല തീര്‍ത്ഥാടനം: കെഎസ്ആര്‍ടിസി സര്‍വീസിന്റെ സമയത്തിൽ മാറ്റം
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഇത്തവണ നാലമ്പല തീര്‍ത്ഥാടന സര്‍വീസ് നടത്തും. ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നാണ് സ്പെഷല്‍ സര്‍വീസുകള്‍ നടത്തുന്നത്. 30 ദിവസവും പുലര്‍ച്ചെ 4.15നും 4.30നുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി സര്‍വീസിലൂടെ എത്തുന്ന ഭക്തര്‍ക്ക് തൃപ്രയാര്‍ ക്ഷേത്രത്തില്‍ മാത്രം പ്രത്യേക വരിസൗകര്യം അനുവദിക്കാത്തതിനാലാണ് വണ്ടികള്‍ പുറപ്പെടുന്ന സമയം നേരത്തെയാക്കിയത്. കെഎസ്ആര്‍ടിസിയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നാലു ക്ഷേത്രങ്ങളിലും നല്കി വന്ന പ്രത്യേക പരിഗണനയും വരിസംവിധാനവും അവസാനിപ്പിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഈ വര്‍ഷത്തെ നാലമ്പല തീര്‍ത്ഥാടനത്തിനു മുന്നോടിയായി നടന്ന കോ-ഒാര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കൂടല്‍മാണിക്യം, പയമ്മല്‍, മൂഴിക്കുളം ക്ഷേത്രങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ എത്തുന്ന ഭക്തര്‍ക്ക് സ്പോട്ട് വെര്‍ച്ചല്‍ ക്യൂ അനുവദിക്കാമെന്ന് അറിയിച്ചു.
എന്നാല്‍, യാത്രക്കാര്‍ ഇത്തവണയും സര്‍വീസുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്നാണു സമയം നേരത്തെയാക്കി സര്‍വീസ് നടത്താന്‍ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം രാവിലെ ആറിനും 6.30നും ആയിരുന്നു രണ്ട് സര്‍വീസുകള്‍ നടത്തിയിരുന്നത്. അനുമതി കിട്ടുന്നമുറയ്ക്ക് ഗുരുവായൂരില്നിന്നും തൃശൂരില്‍നിന്നും സര്‍വീസുകള്‍ ആരംഭിക്കും.
ഒരാള്‍ക്ക് 310 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ബസില്‍ 51 പേര് വീതം രണ്ടു ബസുകളിലായി 102 പേര്‍ക്ക് ഒരുദിവസം നാലമ്പലദര്‍ശനം നടത്താനാകും. വിവരങ്ങള്‍ക്കും ബുക്കിംഗിനും 9142626278. 0480 -2823990.
Leave A Comment