അസ്മയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു
പറവൂർ: നീണ്ടൂർ കൈതക്കൽ അസ്മ(72) മരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പറവൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അസ്മയുടെ ചെറുമകൻ കെ.എ. മനാഫും ചിറ്റാറ്റുകര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. താജുദീനുമാണു പരാതി നൽകിയിരുന്നത്. സംഭവത്തെക്കുറിച്ച് അസ്മയുടെ മകൻ അബൂബക്കറിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി മൊഴിയെടുത്തിരുന്നു.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽനിന്ന് ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അസുഖത്തിന്റെ കാഠിന്യത്താലോ, ആംബുലൻസിൽ രോഗിയെ എത്തിക്കാൻ വൈകിയതിനാലോ ആണ് മരണം ഉണ്ടായതെന്നാണ് മൊഴി.
വാഹനത്തിന്റെ വാടക നൽകാതിരുന്നതിനാൽ രോഗിയെ കയറ്റിയ ആംബുലൻസ് അര മണിക്കൂർ വൈകിയാണ് താലൂക്ക് ആശുപത്രിയിൽനിന്ന് പുറപ്പെട്ടത് എന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് താത്കാലിക ഡ്രൈവറായ ആന്റണി ഡിസിൽവയെ ജോലിയിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.
Leave A Comment