പ്രവർത്തകരെ എംഎൽഎ മോചിപ്പിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
എറണാകുളം: കാലടിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാലടി പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ സതീഷ്, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ.എസ്.യു പ്രവർത്തകരെ റോജി എം ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലെ വീഴ്ച്ചയിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
പൊലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്. എംഎൽഎമാരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്.
കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജീവ്, ഡിജോൺ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് എംഎൽഎമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്. എംഎൽഎമാരടക്കം 15 പേർക്കെതിരെ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ), ഐപിസി 353 (ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ) ഐപിസി 294 (അസഭ്യം പറയൽ) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എംഎൽഎമാരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
Leave A Comment