ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേർ പിടിയിൽ
പുതുക്കാട്: തലോരിൽ രാത്രിയിൽ ദേശീയപാതയോരത്ത് വൻതോതിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഘത്തെ പുതുക്കാട് പോലീസ് പിടികൂടി. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം നെടിയപറമ്പിൽ ഷിബു (43), പാലക്കാട് എരിമയൂർ ചുള്ളിമട കൃഷ്ണദാസ് (32) എന്നിവരെയാണ് പോലീസിന്റെ നൈറ്റ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ടു ടാങ്കർ ലോറികളും സംഘത്തിന് അകമ്പടി വന്നിരുന്ന മൂന്നു ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. ബൈക്കിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.തലോർ മേൽപ്പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് സംഘം പിടിയിലായത്.
ഇവിടെ സ്ഥിരമായി മാലിന്യം തള്ളുന്നുവെന്ന പരാതിയെ തുടർന്ന് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പുതുക്കാട് പോലീസ് എസ്എച്ച്ഒ യു.എച്ച്. സുനിൽദാസ്, എസ്ഐ ശ്രീനി, സിപിഒമാരായ അമൽരാജ്, സിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Leave A Comment