കെ.കെ. ഷാഹിനയ്ക്ക് ജന്മനാടായ കോണത്തുകുന്നിൽ സ്വീകരണം; മന്ത്രി ആദരിച്ചു
വെള്ളാങ്കല്ലൂർ: ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ലഭിച്ച കെ.കെ. ഷാഹിനയ്ക്ക് ജന്മനാടിന്റെ സ്വീകരണം. വെള്ളാങ്കല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോണത്തുകുന്ന് എംഡി കൺവൻഷൻ സെന്ററിൽ നടന്ന സ്വീകരണയോഗം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പക്ഷമാണ് ഷാഹിനയുടെതെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി. മാധ്യമ സെമിനാറിൽ മാധ്യമ പ്രവർത്തകരായ സി.എൽ. തോമസ്, ടി.എം. ഹർഷൻഎന്നിവർ സമകാലിക മാധ്യമ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചി, മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ പല്ലൊട്ടി നയന്റീസ് കിഡ്സിന്റെ സംവിധായകൻ ജിതിൻ രാജ് എന്നിവരെ അനുമോദിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, ജില്ലാപഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, പഞ്ചായത്ത് സെക്രട്ടറി കെ. റിഷി എന്നിവർ പ്രസംഗിച്ചു.
Leave A Comment