ആലുവ കൊലപാതകം: സർക്കാർ സഹായം മാതാപിതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക്
ആലുവ: അഞ്ചു വയസുകാരിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ ധനസഹായം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി. മന്ത്രിമാരായ പി. രാജീവ്, കെ. രാധാകൃഷ്ണന്, എം.ബി. രാജേഷ് എന്നിവർ ഇന്നലെ വൈകുന്നേരം കുട്ടിയുടെ തായിക്കാട്ടുകരയിലെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് എത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് നല്‍കും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണു മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് തീരുമാനിച്ചത്.
മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ സ്കൂള്‍സമയം കഴിഞ്ഞും അവധിദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍ സജ്ജമാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി രാജീവ് പറഞ്ഞു.
പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മപദ്ധതി രൂപീകരിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുതലവൻമാരെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment