തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് നേരിയ മുൻതൂക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പുറത്തു വന്നു തുടങ്ങി. യുഡിഎഫിന് നേരിയ മുൻതൂക്കം. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്.
എട്ട് വാർഡുകളിൽ യുഡിഎഫും ഏഴ് വാർഡുകളിൽ എൽഡിഎഫും വിജയിച്ചു. ഒരു വാർഡിൽ എൻഡിഎയും ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.
എല്‍ഡിഎഫ് യുഡിഎഫിന്‍റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്‍റെ രണ്ട് സിറ്റിംഗ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച് വിജയിച്ച ഒരു സീറ്റും പിടിച്ചെടുത്തു. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
കൊല്ലം
തെന്മല ഒറ്റക്കല്‍ വാര്‍ഡില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. ഇടതുമുന്നണി സ്ഥാനാര്‍ഥി എസ് അനുപമ 34 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ബിജിലി ജെയിംസിനെയാണ് അനുപമ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസിലെ ചന്ദ്രിക സെബാസ്റ്റ്യന്‍ മരിച്ചതിനെ തുടര്‍ന്നാണ് അഞ്ചാം വാര്‍ഡ് ഒറ്റക്കല്ലില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 29 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ച വാര്‍ഡാണ് സിപിഎമ്മിലെ അനുപമയിലൂടെ ഇടതുമുന്നണി തിരിച്ചു പിടിച്ചത്.
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാർഥി രഞ്ജിതിന് 505 വോട്ടും സിപിഎം സ്ഥാനാർഥി അനിൽ കല്ലിംഗലിന് 415 വോട്ടും കോൺഗ്രസ് സ്ഥാനാർഥി അബ്ദുൽ ജബ്ബാറിന് 176 വോട്ടും ലഭിച്ചു. 90 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രഞ്ജിത് വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി രതീഷിനോട് രണ്ട് വോട്ടിന് രഞ്ജിത് പരാജയപ്പെട്ടിരുന്നു. രഞ്ജിതിന് ഇത് മധുര പ്രതികാരമായി. രതീഷിന്‍റെ മരണത്തെ തുടർന്നാണ് പുഞ്ചിരിച്ചിറവാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
ആലപ്പുഴ
തലവടി ഗ്രാമപ്പഞ്ചായത്തിലെ കോടമ്പനാടി വാര്‍ഡില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എൻ.പി. രാജന്‍ 197 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അഭിലാഷിനെ പരാജയപ്പെടുത്തി.
കോട്ടയം
വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവന്‍ തുരുത്ത് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാർഥി രേഷ്മ പ്രവീണാണ് 232 വോട്ടുകൾക്ക് വിജയിച്ചത്.
എറണാകുളം
ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ വാടക്കുപുറം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.പി. സോമന്‍ 62 വോട്ടുകള്‍ക്ക് സിപിഎമ്മിന്‍റെ നവനീതിനെയാണ് പരാജയപ്പെടുത്തിയത്.
വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ മുറവന്‍ തുരുത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നിഖിത ജോബി 228 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
മൂക്കന്നൂർ കോക്കുന്ന് വാർഡിൽ യുഡിഎഫിലെ സിനി മാത്തച്ചൻ വിജയിച്ചു. പള്ളിപ്പുറം പഞ്ചായത്ത് വാർഡിൽ യുഡിഎഫിലെ ദീപ്തി പ്രൈജു വിജയിച്ചു.
തൃശൂർ
മാടക്കത്തറ താന്നിക്കുടം വാർഡിൽ എൽഡിഎഫിലെ മിഥുൻ തീയ്യത്തുപറന്പിൽ വിജയിച്ചു. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് മൂന്നാമതായി.
പാലക്കാട്
പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് അംഗമായിരുന്ന പി.മനോജ് രാജിവെച്ച് എല്‍ഡിഎഫിനായി മത്സരിച്ച് 303 വോട്ടുകള്‍ക്ക് വിജയിച്ചു.
മലപ്പുറം
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് വാര്‍ഡില്‍ യുഡിഎഫ് മുന്നിലാണ്. യുഡിഎഫ് സിറ്റിംഗ് സീറ്റാണിത്.
ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സ്വതന്ത്ര സ്ഥാനാർഥി കെ.പി.മൈമൂനയാണ് വിജയിച്ചത്.
തുവ്വൂർ അക്കരപ്പുറം വാർഡിൽ യുഡിഎഫിന്‍റെ അയ്യപ്പൻ വിജയിച്ചു.
പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ കട്ടിലശേരി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അസീസ് ചക്കച്ചന്‍ ആറ് വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
കോഴിക്കോട്
വേളം ഗ്രാമപ്പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ ഇ.പി.സലീം 42 വോട്ടുകള്‍ക്ക് ജയിച്ചു.
കണ്ണൂർ
മുണ്ടോരി തട്ടിയോട് വാർഡിൽ എൽഡിഎഫിലെ റീഷ്മ പി.ബി.വിജയിച്ചു. ധർമ്മടം പരീക്കടവ് വാർഡിൽ എൽഡിഎഫിലെ ബി.ഗീതമ്മ വിജയിച്ചു.
Leave A Comment