ആലുവയിലെ ഫാസിലിന്റെ തിരോധാനത്തിനു പിന്നിലും മൊബൈൽ ലോൺ ആപ്പ്
ആലുവ: മുംബൈയിൽ പഠനത്തിനായി പോയ മലയാളി വിദ്യാർത്ഥിയെ രണ്ടുമാസമായി കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. ആലുവ എടയപ്പുറം പെരുമ്പിള്ളി അഷറഫ് മൊയ്തീന്റെ മകൻ ഫാസിലിനെയാണ് (22) കഴിഞ്ഞമാസം 26 മുതൽ കാണാതായത്. മുംബൈ കോളേജ് ഓഫ് കോമേഴ്സ് ആൻഡ് എക്കണോമിക്സിൽ രണ്ടാംവർഷ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർത്ഥിയാണ്. ആരോടും പറയാതെ കോളേജ് വിട്ടെന്നാണ് സൂചന. ബാങ്ക് അക്കൗണ്ട് ഫേസ്ബുക്ക് അക്കൗണ്ട് വാട്സ്ആപ്പ് തുടങ്ങിയവ ഒന്നും തന്നെ 26ന് ശേഷം പ്രവർത്തനക്ഷമമല്ല.
ഓഹരി വിപണിയിൽ സ്വന്തമായി നടത്തിയ ട്രേഡിങ്ങിനിടെ 50,000 രൂപ നഷ്ടപ്പെട്ടുവെന്ന് ഉമ്മ ഹബീബയോട് പറഞ്ഞതാണ് ആകെ ലഭിച്ച സൂചന. മകന്റെ സ്വന്തം തുകയായതിനാൽ വഴക്ക് പറഞ്ഞിട്ടില്ലെന്നും എന്നാൽ പിന്നീട് നാലു ട്രേഡിങ് സ്ഥാപനങ്ങളിലേക്കും രണ്ട് വ്യക്തികൾക്കുമായി 2 ലക്ഷത്തോളം തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി എന്നും അഷ്റഫ് പറഞ്ഞു. മൊബൈൽ ആപ്പ് കമ്പനികളിൽ നിന്ന് മകൻ ലോൺ എടുത്തിട്ടുണ്ടാകുമെന്ന് സംശയമുണ്ടെന്നും അഷ്റഫ് പറഞ്ഞു.
Leave A Comment