പ്രാദേശികം

വരന്തരപ്പിള്ളിയിൽ ആരോഗ്യവിഭാഗം പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

വരന്തരപ്പിള്ളി: വരന്തരപ്പിള്ളി പഞ്ചായത്തിലെ കാറ്ററിംഗ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.പഞ്ചായത്തിലെ 5 കാറ്ററിംഗ്‌ സ്ഥാപനങ്ങളിലും നാല് ഹോട്ടലുകളിലും, രണ്ട് ചായക്കടയിലും സംഘം പരിശോധന നടത്തി.

വരന്തരപ്പിള്ളി, മുപ്ലിയം, ഇഞ്ചക്കുണ്ട്, ചെങ്ങാലൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതെന്ന് അധികൃതർ കണ്ടെത്തി.ചില സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ അധികൃതർ നശിപ്പിച്ചു. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി.തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.മനോജിൻ്റെ നേതൃത്വത്തിൽ ജെഎച്ച്ഐമാരായ സലീഷ്, രാജേഷ്, അഖില, റോബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Leave A Comment