പ്രാദേശികം

അങ്കമാലിയിലെ കോൺഗ്രസ് നേതാവിന്റെ മരണ കാരണം ഹൃദയാഘാതം

ആലുവ: ആലുവയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പിടി പോളിനെ (61) മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം അങ്കമാലി സഹകരണ അർബൻ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഹോട്ടലിൽ നിന്ന് മരണ വിവരം അറിയിച്ചതിനെ തുടർന്ന് ആലുവ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്നു.

നേരത്തെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോൺഗ്രസിന്റെ പ്രദേശത്തെ പ്രമുഖനാണ്. കരുവന്നൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അങ്കമാലി സഹകരണ അർബൻ ബാങ്കിൽ ഈയടുത്ത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ സംഭവം കൂടി ഉണ്ടായിരുന്നതിനാൽ മൃതദേഹം കണ്ടെത്തിയപ്പോൾ പല തരത്തിലുള്ള സംശയങ്ങൾ ഉയർന്നിരുന്നു.

ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ മൂന്ന് തവണ സൈലന്റ് അറ്റാക്ക് ഉണ്ടായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളത് വീട്ടുകാർ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് ഒരു സുഹൃത്ത് ഇദ്ദേഹത്തെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം ഇന്നലെയെത്തി നോക്കിയപ്പോഴാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ പിടി പോളിനെ കണ്ടെത്തിയത്. തുടർന്നാണ് വിവരം പൊലീസിനെ അറിയിച്ചത്. വിദേശത്തുള്ള മകൻ എത്തിയ ശേഷം നാളെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

Leave A Comment