സംസ്‌ഥാന കലോത്സവം: ഹയർസെക്കണ്ടറി വിഭാഗം മലയാളം കഥാ രചനയിൽ അസ്‌ന മിന്നിത്തിളങ്ങി
മാള: ചക്രകസേരയിൽ ഒതുങ്ങാതെ അസ്‌ന കണ്ട സ്വപ്നം അവളുടെ കഥകളിൽ വേറിട്ട വഴി തീർത്തു. ആ കഥകളിലൊന്ന് ഇവിടെയിതാ ആദരിക്കപ്പെട്ടിരിക്കുന്നു. എ ഗ്രെഡോടെ. അസ്‌നയുടെ കുഞ്ഞു ലോകം വളർന്ന് പുത്തൻ ഉയരങ്ങൾ കീഴടക്കുകയാണ്. കാണുന്നതും കേൾക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം വരികളിലൊതുക്കും അസ്‌ന.ഇത്തവണ സംസ്‌ഥാന കലോത്സവം ഹയർസെക്കണ്ടറി വിഭാഗം മലയാളം കഥാ രചനയിൽ അസ്‌നക്ക് മിന്നിത്തിളങ്ങാനായി. സൈലം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ ക്വിസ് മത്സരത്തിനും കഥാരചനയിലും പാലിശ്ശേരി എസ് എൻ ഡിപി എച്ച് എസ് എസിലെ വിദ്യാർഥിനിയായ അസ്‌ന ഷെറിൻ മാറ്റുരച്ചിരുന്നു .
മത്സരിച്ച് ജയിക്കുന്നതിനേക്കാൾ വേദികളിലെത്തുന്നതിന്റെ സന്തോഷമാണ് അസ്നയ്ക്ക്. ഒന്നരവയസ്സുമുതൽ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിതയാണ് . ചെറുപ്പം മുതൽക്കേ കവിതയും കഥയും എഴുതാറുണ്ട്.
2020 ൽ സംസ്‌ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌ക്കാരവും 2022 ൽ മികച്ച ക്രിയേറ്റിവ് ചൈൽഡിനുള്ള സംസ്‌ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡും ലഭിച്ചിട്ടുണ്ട്. മാള മേലഡൂർ സ്വദേശി കെ.പി. സിയാദിന്റെയും അനീസ സിയാദിന്റെയും മകളാണ്.
Leave A Comment