അവിശ്വാസം പാസായി: കോൺഗ്രസ് അംഗം കൂറുമാറി, അന്നമനടയിൽ വൈസ് പ്രസിഡന്റ് പുറത്ത്
മാള: അന്നമനടയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ് പുറത്ത്. ടെസി ടൈറ്റസിനെതിരെയുള്ള അവിശ്വാസം 10-8 അനുപാതത്തിലാണ് പാസായത്. കോൺഗ്രസ് അംഗം കൃഷ്ണകുമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് ടെസി ടൈറ്റസിന് പുറത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടത്.
18 അംഗ ഭരണസമിതിയിൽ എൽ ഡി എഫും യു ഡി എഫും തുല്യ അംഗബലമായതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് പക്ഷത്ത് നിന്ന് വിജയിച്ച കൃഷ്ണകുമാർ മറുകണ്ടം ചാടിയതോടെയാണ് ഇപ്പോൾ വൈസ് പ്രസിഡന്റ് പുറത്തായിരിക്കുന്നത്. ഇതോടെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കൃഷ്ണകുമാറിന് അയോഗ്യത കൈവരും. ആ വാർഡിൽ തെരഞ്ഞെടുപ്പും സംജാതമാകും. ഇന്നലെ പ്രസിഡന്റ് പി വി വിനോദിനെതിരെ യു ഡി എഫ് നൽകിയിരുന്ന അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കാതെ തള്ളിയിരുന്നു. എൽ ഡി എഫ് അംഗങ്ങൾ കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇരുന്നതിനെ തുടർന്ന് ക്വാറം തികയാതെ വന്നതിനാലാണ് അവിശ്വാസം ചർച്ചക്കെടുക്കാതെ തള്ളിയത്. ഇന്നലെയും വിപ്പ് നൽകിയിരുന്നെങ്കിലും കൃഷ്ണകുമാർ യോഗത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
Leave A Comment