കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കെ.വേണുവിന്
മാള: സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും യുക്തിവാദിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.എ.തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം ഈ വർഷം പ്രമുഖ ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ കെ.വേണുവിന് നൽകുന്നു. പി.എൻ.ഗോപീകൃഷ്ണൻ, ഡോ.സി.എസ്.വെങ്കിടേശ്വരൻ, പ്രൊഫ.കുസുമം ജോസഫ് എന്നിവരാണു് പുരസ്കാര നിർണ്ണയം നടത്തിയത്.
"കഴിഞ്ഞ അരനൂറ്റാണ്ടായി മലയാളികളുടെ പൊതുബോധത്തിൽ നിരന്തരം ഇടപെടുന്ന ജൈവ ബുദ്ധിജീവിതത്തിൻ്റെ ഉടമയാണ് കെ.വേണു.
ചിന്തയുടെ എല്ലാ സാധ്യതകളേയും ഉപയോഗിച്ചുകൊണ്ട് നമ്മുടെ സാമൂഹ്യവിശ്വാസങ്ങളെ സംവാദാത്മകമാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എണ്ണപ്പെടേണ്ടതാണ്.
ജനാധിപത്യം ചലനാത്മകമാകണമെങ്കിൽ സംവാദങ്ങൾ നിരന്തരം ഉണ്ടാകണമെന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഇടപെടലുകളുടെ ആകെത്തുക. തന്നെത്തന്നെയും ആ സംവാദത്തിൽനിന്ന് അദ്ദേഹം ഒഴിവാക്കിയില്ല. അകത്തും പുറത്തും അദ്ദേഹം നടത്തിയ പ്രശ്നവല്ക്കരണങ്ങൾ ആത്യന്തികമായി മലയാളി സമൂഹത്തിന്റെ വിവേകങ്ങളുടെ വഴിയെ ആരോഗ്യമുറ്റതാക്കി.
പൊതുജീവിതം ആരംഭിച്ചതു മുതൽ വിപ്ലവാശങ്ങളിൽനിന്ന് ജനാധിപത്യാശയങ്ങളിലേക്ക് എത്തുമ്പോഴും വാക്കും പ്രവൃത്തിയും തമ്മിൽ അകലമില്ലാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. സജീവ രാഷ്ട്രീയത്തിൽ ഇടപെടുമ്പോഴും ആത്മാർത്ഥതയോടും സത്യസന്ധതയോടെയും നിസ്വാർത്ഥമായും ജീവിതം നയിക്കുന്ന കെ വേണുവിനെ ഇത്തവണത്തെ കെ.എ തോമസ് മാസ്റ്റർ പുരസ്കാരത്തിന് നിർദ്ദേശിക്കുന്നു" എന്ന് പുരസ്കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു.
ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും സ്മൃതി ഫലകവും ഉൾപ്പെടുന്ന പുരസ്കാരം കെ.എ.തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വി.എം.സുധീരൻ, വി.എസ്.അച്യുതാനന്ദൻ, കെ.അജിത, പെമ്പിളൈ ഒരുമ, മാഗ്ളിൻ ഫിലോമിന, ഡോ.തോമസ് ഐസക്, സണ്ണി എം കപിക്കാട്, ആനി രാജ എന്നിവരാണ് മുൻ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.
തോമസ് മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷിക ദിനമായ മാർച്ച് 2ന് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവച്ച് പ്രൊഫ.സാറ ജോസഫ് പുരസ്കാരം സമർപ്പിക്കും. വി.ആർ.സുനിൽകുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. 'കശാപ്പുചെയ്യപ്പെടുന്ന സാമൂഹ്യ ജീവിതം' എന്ന വിഷയത്തിൽ പി.എൻ.ഗോപീകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് മുഖ്യാതിഥിയാകും.
പുരസ്കാര നിർണ്ണയ സമിതി അംഗം പ്രൊഫ. കുസുമം ജോസഫ്, ഫൗണ്ടേഷൻ പ്രസിഡണ്ട് സി.ആർ.പുരുഷോത്തമൻ, സെക്രട്ടറി പി.കെ.കിട്ടൻ, ട്രഷറർ സി.ടി.ഗോകുലനാഥൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment