ആനമല റോഡിൽ കാട്ടാന കബാലി ആംബുലൻസ് തടഞ്ഞു
അതിരപ്പിള്ളി: കബാലിയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റ യുവാവുമായി വന്ന പട്ടിക വർഗ്ഗ വകുപ്പിന്റെ ആംബുലൻസാണ് ആന തടഞ്ഞത്. അമ്പലപ്പാറ തൊട്ടാപ്പുര ഭാഗത്ത് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കുറച്ച് നേരം റോഡിൽ നിന്ന് മാറാതെ നിന്ന ശേഷം ആംബുലൻസിന്റെ തൊട്ടടുത്തേക്ക് വന്ന ആന റോഡരികിലേക്ക് മാറുകയായിരുന്നു.
മലക്കപ്പാറയിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങി മുരുക സ്വാമിയും, കൂട്ടുകാരനായ സുബ്രനും കൂടി വീട്ടിലേക്ക് നടന്ന് വരുമ്പോൾ ബുധനാഴ്ച സന്ധ്യക്ക് ഏഴു മണിയോടെയാണ് ആന ഇവരെ കണ്ട് ആക്രമിക്കാൻ പാഞ്ഞടുത്തത്. ആനയിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിനിടെ പാറപ്പുറത്ത് നിന്ന് വീണാണ് അടിച്ചിൽത്തൊട്ടി ആദിവാസി മേഖലയിലെ മുരുക സ്വാമി(35) ക്ക് കാലിനു പരിക്കേറ്റത്.
തുടർന്ന് വ്യാഴാഴ്ച രാവിലെ ടാറ്റ കമ്പനി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പരിക്ക് സാരമായതിനാൽ തുടർ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് തിരികെ വരുമ്പോഴാണ് ആന ആംബുലൻസ് തടഞ്ഞത്.
Leave A Comment