പ്രാദേശികം

പതിനായിരം പോസ്റ്റുകാർഡുകൾ അയക്കും: കെ പി എം എസ്

മാള: പട്ടികജാതി പട്ടികവർഗ്ഗ ഉപവർഗീകരണത്തിനും മേൽത്തട്ട് പരിധിക്കുമെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പതിനായിരം പോസ്റ്റ് കാർഡുകൾ അയക്കുമെന്ന് കെ പി എം എസ് മാള യൂണിയൻ തീരുമാനിച്ചു. 

 ഡിസംബർ 10 ന് ലോകമനുഷ്യാവകാശ ദിനത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജഭവൻ വരെ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ ജനസാഗരത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കാമ്പയിനുകളാണ് സംഘടിപ്പിക്കുന്നത്. കുടുംബ സംഗമങ്ങൾ, പോസ്റ്റർ കാമ്പയിൻ, വിളംബര ജാഥകൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. 

 മാള വ്യാപാര ഭവൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് വികെ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ കെ പ്രേമവാസൻ മാസ്റ്റർ,പഞ്ചമി കോർഡിനേറ്റർ ജനീഷ് കുറ്റിപറമ്പത്ത്, കെ വി രതീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave A Comment