മതിലകം ദേശീയ പാതയിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
മതിലകം: ദേശീയ പാതയിൽ ക്രെയിൻ ഇടിച്ച് കാൽ നടയാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. വാടാനപ്പള്ളി ഇടശേരി സ്വദേശി മതിലകത്ത് വീട്ടിൽ സൂഫിയ (23) ക്കാണ് പരിക്കേറ്റത്. ഇവരെ എസ്.വൈ.എസ് സാന്ത്വനം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഒമ്പതരയോടെ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സൂഫിയയെ പുറകിലൂടെ വന്ന ക്രെയിൻ തട്ടി വീഴുകയായിരുന്നു. സൂഫിയയുടെ കാലിലൂടെ ക്രെയിന്റെ ചക്രം കയറിയിറങ്ങി. ദേശീയ പാത66 നിർമ്മാണ പ്രവൃത്തികൾക്കായി പോയിരുന്ന ക്രെയിനാണ് അപകടമുണ്ടാക്കിയത്.
ദേശീയ പാത നിർമ്മാണത്തിനായി എത്തിയിട്ടുള്ള ജെ.സി.ബി, ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരമായി ഇത്തരം വാഹനങ്ങൾ അപകടം ഉണ്ടാക്കുന്നതും പതിവായിട്ടുണ്ട്. അപകടം ഉണ്ടാക്കിയ ക്രെയിൻ ഓടിച്ചിരുന്ന ബീഹാർ സ്വദേശി മുന്ന കുമാറിനെ മതിലകം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Leave A Comment