പ്രാദേശികം

സർക്കാരും മില്ലുകളും തർക്കത്തിൽ : ടൺ കണക്കിന് നെല്ലുകൾ വീടുകളിൽ സൂക്ഷിച്ച് കർഷകർ

കുന്നുകര : കൊയ്ത്തെടുത്ത നൂറുകണക്കിന് ടൺ നെല്ല് ആഴ്ചകളായി വീടുകളിൽ സൂക്ഷിച്ച് കർഷകർ. കുന്നുകരയിലെ 160 ഏക്കറുകളിൽ കൃഷി ചെയ്ത കർഷകർക്കാണ് ഈ ദുര്യോഗം. സപ്ലൈകോയും മില്ലുടമകളും തമ്മിലുള്ള തർക്കത്തിന്റെ ഇരകളാണ് ഇപ്പോൾ ഇവിടത്തെ കർഷകർ.

കൊയ്ത്ത് കഴിഞ്ഞ് കർഷകർ വീടുകളിൽ ശേഖരിച്ചിട്ടുള്ള നെല്ല് മില്ലുകാർ കൊണ്ടുപോകുന്നില്ലെന്നുഉള്ളതാണ് ഇവരുടെ പ്രധാന പരാതി. കുന്നുകര കൃഷിഭവന്റെ കീഴിലുള്ള വയൽക്കര ഈസ്റ്റ്, കുന്നുവയൽ പാടശേഖര സമിതികളുടെ 100 ടൺ നെല്ലാണ് രണ്ടാഴ്ചയായി വീടുകളിൽ ഇരിക്കുന്നത്. കർഷകരുടെ നിതാന്ത മുറവിളിയെ തുടർന്ന് ഏതാനും കർഷകരുടെ നെല്ലുകൾ മാത്രം മില്ലുകാർ കഴിഞ്ഞ ദിവസം മില്ലുകാർ ഏറ്റെടുത്തു. ഇനിയും പ്രദേശത്തെ നിരവധി വീടുകളിൽ കൊയ്ത്തെടുത്ത നെല്ല് കർഷകർ വീടുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏകദേശം 160ഏക്കർ സ്ഥലത്ത് കൃഷി ചെയ്തു കൊയ്തുണക്കിയ നെല്ലാണ് ഇങ്ങനെ കർഷകർ വീടുകളിൽ ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.

നെല്ലെടുക്കാൻ സർക്കാർ നിർദേശപ്രകാരം ഓൺലൈനായി സപ്ലൈകോയിൽ പാടശേഖര സമിതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മില്ലുടമകളും സർക്കാരും തമ്മിലുള്ള തർക്കം മൂലമാണ് നെല്ല് എടുക്കാത്തതെന്ന് കർഷകർ പറയുന്നു. കാലതാമസം വന്നാൽ നെല്ല് പൂത്ത് നശിക്കാനും ഇടയുണ്ട് എന്നുള്ളതാണ് കർഷകരെ ആശങ്കയിൽ ആഴ്ത്തുന്നത്. കൃഷിമന്ത്രിക്കും സ്ഥലം എം എൽ എ ആയ മന്ത്രി പി. രാജീവിനും കർഷകർ പരാതി നൽകിയിട്ടുണ്ട്. സർക്കാർ നടപടി വൈകുന്നതിൽ കർഷകർ പ്രതിഷേധത്തിലാണ്. ഇതുകൊണ്ട് തന്നെ അടുത്ത മുണ്ടകൻ കൃഷി ചെയ്യാൻ തങ്ങൾക്ക് താത്പര്യമില്ലെന്നാണ് കർഷകർ മീഡിയ ടൈമിനോട് പറഞ്ഞു.

കൃഷിക്കൊപ്പം കളമശേരി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിചെയ്ത കർഷകരോട് സപ്ലൈക്കോ ഇപ്പോൾ പുലർത്തുന്ന നിഷേധാത്മക നിലപാടിൽ ഇവർ രോഷാകുലരാണ്. പ്രതിഷേധ സൂചകമായി കർഷകർ സൂചനാ സമരത്തിന് ഒരുങ്ങുകയാണ്.

Leave A Comment