കൊടുങ്ങല്ലൂരിൽ തെരുവുനായകൾക്കുള്ള കുത്തിവെപ്പ് തുടങ്ങി
കൊടുങ്ങല്ലൂർ: നഗരസഭയിൽ തെരുവുനായകൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം പരിസരത്തെ തെരുവുനായകൾക്ക് കുത്തിവെപ്പ് നൽകി വാക്സിനേഷൻ യജ്ഞം ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു വാക്‌സിനേഷൻ.
നായകളെ പിടികൂടി കുത്തിവെപ്പ് നടത്തുന്നതിനായി വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ നഗരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ ആയിരത്തിലേറെ നായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. നഗരസഭയിലെ വീടുകളിൽ വളർത്തുന്ന 1302 നായ്ക്കൾക്ക് നേരത്തെ വാക്സിനേഷൻ നൽകിയിരുന്നു. എബിസി പദ്ധതി പ്രകാരവും നായകളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നുണ്ട്.
തെരുവുനായകളുടെ വാക്സിനേഷൻ പരിപാടി നഗരസഭാ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണികൃഷ്ണൻ, സീനിയർ വെറ്ററിനറി ഡോക്ടർ സന്തോഷ്, നഗരസഭാ കൗൺസിലർ ടി എസ് സജീവൻ എന്നിവർ പ്രസംഗിച്ചു.
Leave A Comment